| Thursday, 17th October 2024, 6:23 pm

ഫലസ്തീന്‍ വിരുദ്ധ പരാമര്‍ശം നടത്തിയ ഇസ്രഈല്‍ മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഫലസ്തീന്‍ ജനതയ്‌ക്കെതിരെ വിദ്വേഷപരമായ പ്രസ്താവനകള്‍ നടത്തിയ ഇസ്രഈലി മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടന്‍. ഗസയിലെ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി യു.എന്‍ സുരക്ഷാ കൗണ്‍സല്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പലപ്പോഴും തീവ്ര ഇസ്രഈല്‍ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ധനകാര്യ മന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, ദേശീയസുരക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ എന്നിവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ആലോചിക്കുന്നത്.

ഗസയില്‍ സാധാരണക്കാര്‍ പട്ടിണി കിടക്കുന്നതില്‍ തെറ്റില്ലെന്ന സ്‌മോട്രിച്ചിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അല്‍ അഖ്‌സ പള്ളിയില്‍ ജൂതപ്പള്ളി സ്ഥാപിക്കുമെന്നും സ്‌മോട്രിച്ച് അഭിപ്രായപ്പെട്ടിരുന്നു.

ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ അതിക്രമം നടത്തുന്ന കുടിയേറ്റക്കാര്‍ വീരന്മാരാണെന്നാണ് ദേശീയ സുരക്ഷ മന്ത്രിയായ ബെന്‍ ഗ്വിര്‍ അഭിപ്രായപ്പെട്ടത്. ഇത്തരം പരാമര്‍ശങ്ങളാണ് ഉപരോധത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഉപരോധം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് പറഞ്ഞ കെയര്‍ സ്റ്റാര്‍മര്‍ നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അറപ്പുളവാക്കുന്നതാണെന്നും വ്യക്തമാക്കി. എന്നാല്‍ ബ്രിട്ടന്റെ ഉപരോധം തങ്ങളുടെ നിലപാടില്‍ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും വരുത്താന്‍ പോണില്ലെന്നും സ്‌മോട്രിച്ചും ബെന്‍ ഗ്വിറും അഭിപ്രായപ്പെട്ടു.

‘അവര്‍ എന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല, ഇസ്രഈലിന്റെ ദേശീയ താത്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നത് ഞാന്‍ ഇനിയും തുടരും,’ ബെന്‍ ഗ്വിര്‍ പറഞ്ഞു. ഇസ്രഈലിലെ പൗരന്മാര്‍ക്ക് വേണ്ടി ശെരിയായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരു ഭീഷണിയും എന്നെ തടയില്ല, സ്‌മോട്രിച്ച് പ്രതികരിച്ചു.

ഇരുവരും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ സെറ്റില്‍മെന്റ് വിപുലീകരണത്തെ പിന്തുണയ്ക്കുന്നവരാണ്. മുന്‍ വര്‍ഷങ്ങളിലെ റിഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനേക്കാള്‍ ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നിലവിലെ ലേബര്‍ സര്‍ക്കാര്‍ അല്‍പ്പം കൂടി കടുത്ത നിലപാടുകളാണ് സ്വീകരിച്ച് വരുന്നത്.

ജനങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കാനും ഗസയിലേക്ക് കൂടുതല്‍ വലിയ അളവില്‍ സഹായം അനുവദിക്കാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ഫലപദമായി പ്രവര്‍ത്തിക്കാനുള്ള ഇസ്രഈല്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം സ്റ്റാര്‍മര്‍ അഭിപ്രായപ്പെട്ടു.

Content Highlight: Britain is about to impose sanctions on Israeli ministers who made anti-Palestinian remarks

Video Stories

We use cookies to give you the best possible experience. Learn more