| Wednesday, 5th May 2021, 3:58 pm

ലോകത്തിലെ മികച്ചവര്‍ മാത്രം ഇങ്ങോട്ട് വന്നാല്‍ മതി; അവാര്‍ഡ് ജേതാക്കള്‍ക്ക് എല്ലാം എളുപ്പത്തിലാക്കി ബ്രിട്ടന്റെ പുതിയ വിസാ നയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ശാസ്ത്ര – കലാ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചവര്‍ക്ക് ബ്രിട്ടണില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള വിസാ നടപടികള്‍ എളുപ്പമാക്കിക്കൊണ്ട് പുതിയ നയം. ബ്രെക്സിറ്റിന് ശേഷം ‘ബെസ്റ്റ് ആന്റ് ബ്രെറ്റസ്റ്റ്’ ആയവരെ മാത്രമേ സ്വാഗതം ചെയ്യൂ എന്ന രീതിയില്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ നയങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയാണ് വര്‍ക്ക് വിസകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കില്‍ അതിന് പ്രത്യേകം പോയിന്റുകള്‍ അനുവദിച്ചത്.

The Global Talen Visa Route എന്നാണ് പുതിയ പദ്ധതിയുടെ പേര്. ബുധനാഴ്ച മുതലാണ് പുതിയ പോളിസി നടപ്പില്‍ വരിക. നോബേല്‍ അവാര്‍ഡ്, ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ കരസ്ഥമായവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടണില്‍ താമസിക്കാനും ജോലി ചെയ്യാനും വളരെ എളുപ്പമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ഇവരുടെ വിസ നടപടികള്‍ പൂരത്തിയാക്കപ്പെടുകയും ചെയ്യും.

‘ഇത്തരം അവാര്‍ഡ് നേടിയവര്‍ക്ക് ബ്രിട്ടണ് വേണ്ടി ഒരുപാട് ചെയ്യാനാകും. വിസ നയത്തിലെ മാറ്റങ്ങള്‍ അവര്‍ക്ക് ബ്രിട്ടണിലെ കല, സംഗീത, ശാസ്ത്ര, സിനിമ എന്നീ മേഖലകളില്‍ വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും,’ ആഭ്യന്തര വകുപ്പ് മന്ത്രി പ്രീതി പട്ടേല്‍ പറഞ്ഞു.

എവിടെ നിന്നാണ് വരുന്നതെന്ന് നോക്കാതെ ഓരോ വ്യക്തികളുടെയും കഴിവിന് പ്രധാന്യം നല്‍കുകയെന്നതാണ് പുതിയ നയത്തിന്റെ അടിസ്ഥാനമെന്നും പ്രീതി പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഇമിഗ്രേഷന്‍ നയം ഇത്തരത്തിലാക്കിയാല്‍ ചില മേഖലകളില്‍ തൊഴിലാളി ദൗര്‍ലഭ്യം അനുഭവപ്പെടുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Britain introduces new relaxed visa policy for award winners in art and science fields

We use cookies to give you the best possible experience. Learn more