World News
ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടണില്‍ കൊവിഡ് വ്യാപനം പൂര്‍ണ്ണമായും ഇല്ലാതാകും: വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 08, 02:42 am
Saturday, 8th May 2021, 8:12 am

ലണ്ടന്‍: ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടണില്‍ നിന്നും കൊറോണ വൈറസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കാനാകുമെന്ന് ബ്രിട്ടണ്‍ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ക്ലൈവ് ഡിക്‌സ്. ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കൊവിഡ് വ്യാപനം പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് പറഞ്ഞത്.

‘ഓഗസ്റ്റില്‍ ഏതെങ്കിലും ഒരു സമയത്തോടെ ബ്രിട്ടണില്‍ കൊറോണ വൈറസ് വ്യാപനം പൂര്‍ണ്ണമായും ഇല്ലാതാകും. 2022 തുടക്കത്തിലേക്ക് വരെ വാക്‌സിനേഷന്‍ നടപടികള്‍ തുടരാവുന്നതാണ്,’ ക്ലൈവ് ഡിക്‌സ് പറഞ്ഞു.

ഏറ്റവും ഫലപ്രദമായ കൊവിഡ് 19 വാക്‌സിന്‍ ഏതാണെന്ന് കണ്ടെത്താനാണ് ബ്രിട്ടണ്‍ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ബ്രിട്ടണിലെ എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ക്ലൈവ് ഡിക്‌സ് പറഞ്ഞു.

ഇതോടുകൂടി ഇതുവരെ വന്നിട്ടുള്ള എല്ലാ കൊറോണ വൈറസ് വകദേഭങ്ങള്‍ക്കുമെതിരെയുള്ള പ്രതിരോധശേഷി ബ്രിട്ടണിലെ ജനത കൈവരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബറിലാണ് താല്‍ക്കാലിക ടാസ്‌ക് ഫോഴ്‌സിന്റെ മേധാവിയായി ക്ലൈവ് ഡിക്‌സ് സ്ഥാനമേറ്റെടുക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം സ്ഥാനത്ത് നിന്നും വിരമിച്ചത്.

18 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ഒറ്റ ഡോസ് വാക്‌സിനെങ്കിലും നല്‍കിയ രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടണ്‍. 51 മില്യണ്‍ വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രസെനക, മോഡേണ, ഫൈസര്‍ എന്നീ വിവിധ ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച വാക്‌സിനുകള്‍ ബ്രിട്ടണില്‍ വിതരണം ചെയ്തിരുന്നു.

കൊവിഡ് ഒന്നാം തരംഗത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ട രാജ്യമായിരുന്നു ബ്രിട്ടണ്‍. എന്നാല്‍ രണ്ടാം തരംഗമായപ്പോഴേക്കും വാക്‌സിനേഷന്‍ പരിപാടികള്‍ ദ്രുതഗതിയിലാക്കുകയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Britain Free Of Covid By August, Says UK Vaccine Task Force Chief: Report