മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി യു.എന്നില്‍ ലോക രാഷ്ട്രങ്ങള്‍
World News
മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി യു.എന്നില്‍ ലോക രാഷ്ട്രങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th February 2019, 8:50 am

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്ഷെ-ഇ- മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാഷ്ട്രങ്ങള്‍. യു.എന്‍ രക്ഷാസമിതിയില്‍ അംഗങ്ങളായിട്ടുള്ള അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യു.എന്നില്‍ നിര്‍ദേശം കൊണ്ടുവന്നത്.

മസൂദ് അസ്ഹറിന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചേക്കും. ഈ നീക്കം വീറ്റോ അധികാരമുള്ള ചൈന എതിര്‍ക്കുമെന്നാണ് സൂചന.


മസൂദ് അസ്ഹറിനെതിരെ മുമ്പ് പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ പുതിയ പ്രമേയത്തെ സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഐക്യരാഷ്ട്ര രക്ഷാ സമിതി ജെയ്‌ഷെ മുഹമ്മദിനെ നേരത്തേ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും ചൈന തയ്യാറായിരുന്നില്ല. വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാസമിതിയില്‍ ഈ ആവശ്യം എതിര്‍ക്കുകയായിരുന്നു ചൈന.

അതേസമയം, ഫ്രാന്‍സിന്റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിരിക്കുന്ന നീക്കത്തിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണയാണ് ലഭിക്കുന്നത്. അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ മസൂദിനെതിരെ നടപടി സ്വീകരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് ബലം പകരും. സമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്.


2009ല്‍ അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ നീക്കം നടത്തിയിരുന്നു. 2016ല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നാലെയും ഇതിനു ശ്രമിച്ചു. 2017ല്‍ യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സമാന പ്രമേയം കൊണ്ടുവന്നു. പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം രക്ഷാസമിതിയിലെ വീറ്റോ അധികാരമുപയോഗിച്ച് ചൈന എതിര്‍ക്കുകയായിരുന്നു.