| Tuesday, 1st April 2025, 3:40 pm

ലേബര്‍ പാര്‍ട്ടി അധികാരമാറ്റത്തിന് ശേഷം 24000 കുടിയേറ്റക്കാരെ നാടുകടത്തി ബ്രിട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം 24,000 കുടിയേറ്റക്കാരെ നാടുകടത്തി ബ്രിട്ടന്‍ സര്‍ക്കാര്‍. യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറാണ് ഇക്കാര്യം പറഞ്ഞത്. ലണ്ടനില്‍ നടന്ന ഓര്‍ഗനൈസ്ഡ് ഇമിഗ്രേഷന്‍ ക്രൈം (ഒ.ഐ.സി) ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്റ്റാര്‍മര്‍.

നേരത്തെ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കൊണ്ടുവന്ന ‘റുവാണ്ട നാടുകടത്തല്‍ നയം’ ലേബര്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഉച്ചകോടിയില്‍ പ്രസ്തുത തീരുമാനം ഏറ്റവും മികച്ചതെന്നും സ്റ്റാര്‍മര്‍ അവകാശപ്പെട്ടു.

റുവാണ്ട പദ്ധതിക്കായി കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ 700 മില്യണ്‍ പൗണ്ട് ചെലവഴിച്ചുവെന്നും എന്നാല്‍ നാല് വളണ്ടിയര്‍മാരെ മാത്രമേ റുവാണ്ടയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളുവെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

പദ്ധതി ശരിയായ വിധത്തില്‍ നടപ്പിലായിരുന്നെങ്കില്‍ പ്രതിവര്‍ഷം ഏകദേശം 300 പേര്‍ മാത്രമേ റുവാണ്ടയിലേക്ക് പോകുമായിരുന്നുള്ളുവെന്നും സ്റ്റാര്‍മര്‍ പരിഹസിച്ചു. റിപ്പോര്‍ട്ട് പ്രകാരം, ബ്രിട്ടനിൽ നിന്ന് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ നാടുകടത്തിയത് ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയതിന് ശേഷമാണ്.

അതേസമയം റുവാണ്ട പദ്ധതിക്ക് 24,000 എന്ന കണക്കിലെത്താൻ 80 വര്‍ഷമെടുക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

രാജ്യത്തെത്തുന്ന കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി മുന്‍ യു.കെ സര്‍ക്കാര്‍ കണ്ടെത്തിയ സുരക്ഷിതമായ ഇടമാണ് റുവാണ്ട. ഇതുസംബന്ധിച്ച് 2023 ഡിസംബറില്‍ സേഫ്റ്റി ഓഫ് റുവാണ്ട (അഭയവും കുടിയേറ്റവും) എന്ന ബില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അവതരിപ്പിച്ചു.

2022 ജനുവരി ഒന്നിന് ശേഷം രാജ്യത്തെത്തിയ കുടിയേറ്റക്കാരെ കാടുകടത്താനാണ് ഈ ബില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ ബില്‍ പിന്നീട് ലേബര്‍ സര്‍ക്കാര്‍ തള്ളുകയായിരുന്നു.

യു.കെയിലെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാനും ഇംഗ്ലീഷ് ചാനലിലൂടെയുള്ള അപകടകരമായ ബോട്ട് യാത്രകള്‍ക്ക് തടയിടാനുമായാണ് റുവാണ്ട പദ്ധതിയുമായി സുനക് സര്‍ക്കാര്‍ മുന്നോട്ടുപോയത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന രാജ്യമാണ് ബ്രിട്ടന്‍. 2023ല്‍ അരലക്ഷത്തിലധികം കുടിയേറ്റക്കാരാണ് യു.കെയിലെത്തിയത്. ഇത് 2022നെ അപേക്ഷിച്ച് 17 ശതമാനം കൂടുതലായിരുന്നു.

ഇറാന്‍, സുഡാന്‍, ഇറാഖ്, സിറിയ, തുര്‍ക്കി, ഇന്ത്യ, പാകിസ്ഥാന്‍, അല്‍ബേനിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും യു.കെയിലേക്ക് കുടിയേറ്റക്കാരെത്തുന്നത്.

Content Highlight: Britain deports 24,000 migrants after Labour Party takes power

We use cookies to give you the best possible experience. Learn more