[] ലണ്ടന്‍: പഞ്ചാബില്‍ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ ഒളിച്ച ഖലിസ്ഥാന്‍ തീവ്രവാദികളെ ഒഴിപ്പിക്കാന്‍ 1984ല്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായം ലഭിച്ചുവെന്ന വെളിപ്പെടുത്തലിന് സ്ഥിരീകരണമായി.
അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞുവെന്നും ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് മൂന്ന് മാസം മുമ്പാണ് ബ്രിട്ടണ്‍ സൈനിക ഉപദേശം നല്‍കിയതെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് വ്യക്തമാക്കി.
സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്ന് സിഖുകാരെ നീക്കം ചെയ്യുന്നതിന് ഇന്ദിര ഗാന്ധിയെ സഹായിക്കാന്‍ ബ്രിട്ടീഷ് സ്‌പെഷല്‍ എയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ ഇന്ത്യയിലേക്കയച്ചെന്നു പറയുന്ന രേഖകളാണ് ലേബര്‍ പാര്‍ട്ടി അംഗം ടോം വാട്‌സണ്‍ പുറത്ത് വിട്ടിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസമാണ് അന്വേഷണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉത്തരവിട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തീവ്രവാദികളെ തുരത്താന്‍ അവസാന മാര്‍ഗമെന്ന നിലക്ക് ഹെലികോപ്റ്റര്‍ ആക്രമണം നടത്തണമെന്ന് ബ്രിട്ടീഷ് എയര്‍ സര്‍വീസില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ഇന്ത്യക്ക് ഉപദേശം നല്‍കിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ പരിണിതഫലമായി 1984 ഓക്ടോബര്‍ 30നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്റെ സിഖ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചത്.