| Sunday, 14th July 2024, 10:42 pm

ഗസയിലെ ദുരിതാശ്വാസ പ്രവര്‍ത്തനം; ഏഴ് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കാനൊരുങ്ങി ബ്രിട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: തെരഞ്ഞെടുപ്പിന് പിന്നാലെ ഗസ പ്രതിസന്ധിയില്‍ നിര്‍ണായക നീക്കവുമായി ബ്രിട്ടന്‍. ഗസയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി യു.കെ-മെഡ് എന്ന എന്‍.ജി.ഒയ്ക്ക് ധനസഹായം നല്‍കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. ഏഴ് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗസയിലെ ഫലസ്തീനികള്‍ക്ക് മാനുഷിക സഹായവും മെഡിക്കല്‍ സൗകര്യവും ഒരുക്കുന്നതിനായാണ് പണം സജ്ജീകരിക്കുന്നതെന്ന് ഡേവിഡ് ലാമി പറഞ്ഞു.

‘ഗസയിലെ സാഹചര്യം നിരാശാജനകമാണ്. മെഡിക്കല്‍ സഹായത്തിന്റെ ആവശ്യകത നിര്‍ണായകമാണ്. അതുകൊണ്ടാണ് ഈ പണം വളരെ പ്രധാനമാകുന്നതും. ദുരിതബാധിതരുടെ ജീവന്‍ രക്ഷിക്കാനും ഏറ്റവും ആവശ്യമുള്ളവര്‍ക്ക് അടിയന്തര പരിചരണം നല്‍കാനും ഈ പണം സഹായകമാകും,’ ഡേവിഡ് ലാമി പ്രതികരിച്ചു.

ഗസയിലെ നാസര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെയും മറ്റു ആരോഗ്യ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തങ്ങള്‍ക്ക് ഈ ഫണ്ടിങ് പിന്തുണ നല്‍കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഗസയില്‍ സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടന്‍ പൗരന്മാര്‍ക്കും ഇത് സഹായകമാണെന്ന് ഡേവിഡ് ലാമി കൂട്ടിച്ചേര്‍ത്തു.

ഇസ്രഈലില്‍ സന്ദര്‍ശനം നടത്തിയ ഡേവിഡ് ലാമി ഗസയിലെ വെടിനിര്‍ത്തലിനും തടവുകാരെ മോചിപ്പിക്കുന്നതിലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവില്‍ സമ്മര്‍ദം ചെലുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ ആരംഭിച്ച ആക്രമണത്തില്‍ 38,584 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 88,881 ഫലസ്തീനികള്‍ക്ക് ഗുരുതമായി പരിക്കേറ്റെന്നും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Britain announces funding for UK-Med NGO to support relief efforts in Gaza

We use cookies to give you the best possible experience. Learn more