| Tuesday, 12th December 2023, 9:18 pm

ക്യാപ്റ്റന്‍ തകര്‍ത്തു; ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റിന് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ബിഗ് ബാഷ് ലീഗിലെ ആറാം മത്സരത്തില്‍ സിഡ്‌നി തണ്ടേഴ്‌സിനെതിരെ ബ്രിസ്‌ബേന്‍ ഹീറ്റിന് 20 റണ്‍സിന്റെ വിജയം. മനുക ഓവലില്‍ നടന്ന മത്സരത്തല്‍ ടോസ് നേടിയ തണ്ടേഴ്‌സ് ബ്രിസ്‌ബേന്‍ ഹീറ്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് ബ്രിസ്‌ബേന്‍ നേടിയത്.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തണ്ടേഴ്‌സ് 19 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ബ്രിസ്‌ബേന് വേണ്ടി ഓപ്പണര്‍ ജോഷ് ബ്രൗണ്‍ 14 (17) റണ്‍സ് എടുത്ത് പുറത്തായി. ലിയാം ഹാറ്റ്ചറിനാണ് വിക്കറ്റ്.

നോണ്‍ സ്‌ട്രൈക്കര്‍ കോളിന്‍ മന്റോ 33 പന്തില്‍ നിന്നും 46 റണ്‍സ് നേടിയാണ് ടീമിന് മികച്ച സംഭാവന നല്‍കിയത്. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം ടീമിന് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നല്‍കിയതും ക്യാപ്റ്റന്‍ മന്റോ തന്നെയാണ്. ക്രിസ് ഗ്രീനാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. നാഥന്‍ സ്വീനേയ് 29 (27) റണ്‍സും മാറ്റ് റെന്‍ഷോ 20 (19) റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയപ്പാള്‍ ഇരുവരുടേയും വിക്കറ്റ് തന്‍വീര്‍ സംഘയാണ് നേടിയത്. മധ്യനിരയില്‍ സാം ബില്ലിങ്‌സ് 18 പന്തില്‍ 23 റണ്‍സ് നേടി വിജയം ഉറപ്പിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തണ്ടേഴ്‌സ് ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് 19 പന്തില്‍ 25 റണ്‍സ് നേടിയപ്പോള്‍ ബ്രിസ്‌ബേന്‍ ബൗളര്‍ മിച്ചല്‍ സെപ്‌സണ്‍ വിക്കറ്റ് നേടി താരത്തെ പറഞ്ഞയക്കുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ അലക്‌സ് ഹേല്‍സ് പൂജ്യം റണ്‍സിന് പുറത്തായതോടെ ടീം സമ്മര്‍ദത്തില്‍ വീണു.
മാത്യു ഗില്‍ക്ക്‌സ് മൂന്ന് റണ്‍സിന് പുറത്തായതോടെ തണ്ടേഴ്‌സ് പരുങ്ങലിലായി. മധ്യനിരയില്‍ ഒലിവര്‍ ഡേവിസ് 30 പന്തില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 35 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ക്രിസ് ഗ്രീന്‍ 20 പന്തില്‍ അഞ്ച് ബൗണ്ടറി അടക്കം 30 റണ്‍സ് സ്വന്തമാക്കി. പക്ഷേ ആര്‍ക്കും ടീമിനെ രക്ഷിക്കാനായില്ല. സേവിയര്‍ ബര്‍ട്ട്‌ലെറ്റ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് എതിരാളികളെ പ്രതിരോധത്തിലാക്കിയത്.

പോയിന്റ് ടേബിളില്‍ തണ്ടേഴ്‌സ് ആദ്യം മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങി ഏഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. എന്നാല്‍ ബ്രിസ്‌ബേന്‍ രണ്ട് മത്സരങ്ങളില്‍ വിജയിച്ച് പട്ടികയില്‍ അഞ്ച് പോയിന്റുകള്‍ സ്വന്തമാക്കി ഒന്നാം സ്ഥാനത്താണ് ഉള്ളത്.

Content Highlight: Brisbane Heat win the Big Bash League

We use cookies to give you the best possible experience. Learn more