| Thursday, 7th December 2023, 7:35 pm

ഒരു ബോള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ സെഞ്ച്വറി അടിക്കാമായിരുന്നു; 99ന്റെ മികവില്‍ ബിഗ് ബാഷ് ലീഗിൽ വരവറിയിച്ച് ബ്രിസ്‌ബെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബിഗ് ബാഷ് ലീഗിലെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെതിരെ 103 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബ്രിസ്‌ബെയ്ന്‍ ഹിറ്റ്.

ഗബ്ബയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മെല്‍ബണ്‍ സ്റ്റാര്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയ്ന്‍ ഹീറ്റ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മത്സരത്തില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ് ബാറ്റര്‍ കോളിന്‍ മന്റൊയുടെ ഇന്നിങ്‌സ് എറെ ശ്രദ്ധേയമായി.

61 പന്തില്‍ പുറത്താവാതെ 99 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഒമ്പത് ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോട് കൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഒരു റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ സെഞ്ച്വറി നേട്ടത്തില്‍ എത്താന്‍ മന്റോക്ക് സാധിക്കുമായിരുന്നു.

മന്റോക്ക് പുറമെ മാര്‍ക്കസ് ലബുഷാനെ 30 റണ്‍സും ഉസ്മാന്‍ ഖവാജ 19 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബ്രിസ്‌ബെയ്ന്‍ 214 എന്ന വലിയ ടോട്ടല്‍ എതിരാളികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മെല്‍ബണ്‍ സ്റ്റാര്‍സ് 15.1 ഓവറില്‍ 111 റണ്‍സിന് പുറത്താവുകയായിരുന്നു.

ബ്രിസ്‌ബെയ്ന്‍ ബൗളിങ് നിരയില്‍ മിച്ചല്‍ സ്വെപ്സണ്‍ മൂന്ന് വിക്കറ്റും സേവിയര്‍ ബാര്‍ത്ത് ലെറ്റ്, മിച്ചല്‍ നസെര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ് 103 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ബിഗ് ബാഷ് ലീഗിലെ ആദ്യ വിജയം സ്വന്തമാക്കാന്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് സാധിച്ചു.

ബിഗ് ബാഷ് ഡിസംബര്‍ ഒമ്പതിന് അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെയാണ് ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെ അടുത്ത മത്സരം. അതേസമയം ഡിസംബര്‍ 13ന് മെല്‍ബണ്‍ സ്റ്റാര്‍സ് പേര്‍ത്ത് സ്‌കോച്ചേഴ്സിനെയും നേരിടും.

Content Highlight: Brisbane heat beat Melbourne stars in big bash league.

Latest Stories

We use cookies to give you the best possible experience. Learn more