കോട്ടയം: ഇറച്ചിക്കോഴികളിലും പക്ഷിപ്പനി കണ്ടെത്തി. കുമരകത്തെ അട്ടിപീടികയിലാണ് കോഴികളില്‍ പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പ് കോഴികളിലെ പക്ഷിപ്പനിബാധ സ്ഥിരീകരിച്ചു.
ബ്രോയിലര്‍ കോഴി ഫാമുകളിലേക്കും രോഗം പടര്‍ന്നിട്ടുണ്ട്. പ്രദേശത്തെ പക്ഷി സങ്കേതത്തിലെ നീലക്കോഴി, തവിട്ടുമുണ്ട തുടങ്ങിയ പക്ഷികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ പക്ഷിപ്പനി തീവ്രതയേറിയതാണെന്നും മനുഷ്യരിലേക്ക് പടരാതിരിക്കന്‍ ജാഗ്രത വേണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ അയ്മനം, തലയാഴം, വെച്ചൂര്‍, ആര്‍പ്പുക്കര, കുമരകം, പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം മൂന്ന് ദിവസത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോഴി, താറാവ് എന്നിവയുടെ ഇറച്ചിയും മുട്ടയും വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
രോഗം കണ്ടെത്തിയ പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് വില്‍പന നിരോധിച്ചിട്ടുള്ളത്. ശരീര ശ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത് എന്നതിനാല്‍ വളമായി ഉപയോഗിക്കുന്ന ഇവയുടെ വിസര്‍ജ്യങ്ങളും ഉപയോഗിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രോയിലര്‍ കോഴികളിലും രോഗം കണ്ടെത്തിയതോടെ അവയേയും കൊല്ലേണ്ടി വരും. താറാവുകളെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇങ്ങനെ കൊല്ലുന്ന പക്ഷികളെ ചുട്ടെരിക്കുകയാണ് രോഗം പകരാതിരിക്കാനുള്ള മാര്‍ഗം. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത ഏറെയാണെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫാമുകളില്‍ പക്ഷികളോട് അടുത്തിടപഴകുന്നവരിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കേന്ദ്ര സംഘവും ഉടന്‍ കുട്ടനാട് സന്ദര്‍ശിക്കും. സര്‍ക്കാര്‍ തീരുമാനപ്രകാരം കൊല്ലുന്ന താവാറുകള്‍ക്ക് 150 രൂപ വീതവും താറാക്കുഞ്ഞുങ്ങള്‍ക്ക് 75 രൂപ വീതവും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കും.
അതിനിടെ പക്ഷികളെ കൊന്നൊടുക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രാധ മോഹന്‍ സിങാണ് ഇതു സബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നഷ്ടപരിഹാരം നല്‍കുക.
പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍ വളര്‍ത്തുന്ന പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ താറാവുകള കൊല്ലാനുള്ള നീക്കത്തോട് കര്‍ഷകര്‍ സഹകരിക്കുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്‌നം. കുട്ടനാട്ടില്‍ ഇത്തരത്തില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് സാധാരണമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരെ വ്യാപകമായി ബോധവത്കരണം നടത്താന്‍ ആരോഗ്യപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ കരുതല്‍ മേഖല (ബഫര്‍ സോണ്‍)യായി പ്രഖ്യാപിക്കും. കരുതല്‍മേഖലയിലെ വളര്‍ത്തുപക്ഷികളെ മറ്റിടങ്ങളിലേക്ക് മാറ്റാനും ഇവിടങ്ങളിലേക്ക് പുറത്തുനിന്ന് വളര്‍ത്തുപക്ഷികളെ കൊണ്ടുവരുന്നത് നിരോധിക്കാനുമാണ് തീരുമാനം. സംസ്ഥാനത്ത് ഇതാദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.