| Sunday, 28th February 2016, 11:15 am

ജനങ്ങളെ ദ്രോഹിക്കുന്നവര്‍ക്കെതിരെ നിയമം കൊണ്ടുവരണം; ബിനായക് സെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: രാജ്യത്തെ ജനങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കെതിരായി ശക്തമായ നിയമം കൊണ്ടുവരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായകന് സെന്‍.

രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഒരു വ്യക്തിയെ ഇതിന് മുന്‍പ് നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ എന്നെ നോക്കിയാല്‍ മതിയെന്നും ബിനായക് സെന്‍ പറയുന്നു. ഓള്‍ ഇന്ത്യാ പീപ്പിള്‍ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചണ്ഡീഗഡ്ഡില്‍ മാവോയിസ്റ്റുകളെ സഹായിച്ചെന്നും നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നെന്നും ആരോപിച്ച് 2010 ല്‍ ചണ്ഡീഗഡിലെ ലോവര്‍ കോടതിയാണ് തനിക്കെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

തുടര്‍ന്ന് കോടതി തനിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ ജീവപര്യന്തം തടവ് പോരെന്നും വധശിക്ഷ നല്‍കണമെന്നും കാണിച്ച് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് താന്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. എന്തുകൊണ്ട് എനിക്ക്്  ജാമ്യം നിഷേധിച്ചെന്ന് വ്യക്തമാക്കി 147 പേജുള്ള ഒരു ഓര്‍ഡര്‍ പുറത്തുവിടുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയെ സമപീക്കേണ്ടി വന്നു തനിക്ക് ജാമ്യം ലഭിക്കാന്‍- ബിനായക് സെന്‍ പറയുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ കനയ്യകുമാറിന്റെ മോചനം ആവശ്യപ്പെട്ടാണ് ഫോറം സംഘടിപ്പിച്ചത്.

രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങള്‍മുള്‍പ്പെടെ ഇന്ത്യയിലെ ഓരോ വ്യക്തികള്‍ക്കെതിരെയും നടക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ഒരു നിയമം തന്നെ വേണമെന്നും ബിനായ് സെന്‍ ആവശ്യപ്പെടുന്നു.

ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചും രാജ്യത്തിന് വിരുദ്ധമായ നിലപാടുകളാണ് എടുക്കുന്നതെന്നും ആരോപിച്ചും ചുമത്തുന്ന രാ്ജ്യദോഹ നടപടിക്കെതിരായി നിയമം വരേണ്ടതുണ്ടെന്നും ബിനായക് സെന്‍ പറയുന്നു.

ദേശദ്രോഹ, രാഷ്ട്രദ്രോഹ നിയമങ്ങളെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഏറെ നാളുകളായി നടക്കുന്നുണ്ടെന്നും ലോക്‌ദ്രോഹ് നിയമമാണ് വരേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും സെന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more