ന്യൂദല്‍ഹി: ബി.ജി.പി അനുകൂല ചാനലായ റിപ്പബ്ലിക്ക് ടി.വിയുടെ തലവന്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് ദല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍ നല്‍കിയ മാനനഷ്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
അര്‍ണബ് ഗോസ്വാമി വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നത് നിര്‍ത്തണമെന്നാണ് കോടതി പറഞ്ഞത്. നിങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാം, വസ്തുതകള്‍ നല്‍കാം. എന്നാല്‍ ഒരാളെ കുറിച്ച് എന്തും പറയരുതെന്നും അത് ശരിയല്ല എന്നുമാണ് ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞത്.
കേസിന്റെ തുടക്കത്തില്‍ തന്നെയാണ് അര്‍ണബ് ഗോസ്വാമിയ്ക്ക് തിരിച്ചടിയേറ്റതെന്നത് ശ്രദ്ധേയമാണ്. കേസ് വീണ്ടും പരിഗണിക്കുന്നത് ഓഗസ്റ്റ് 16-നാണ്. അന്ന് മറുപടി നല്‍കണമെന്ന് പറഞ്ഞുകൊണ്ട് കോടതി അര്‍ണബിന് നോട്ടീസ് അയച്ചിട്ടുണ്ട്.
രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ശശി തരൂര്‍ എം.പി മാനനഷ്ട കേസ് നല്‍കിയിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അര്‍ണബില്‍ നിന്നുമുണ്ടായെന്നും സംപ്രേക്ഷണം ചെയ്ത വാര്‍ത്ത അപകീര്‍ത്തികരമാണെന്നും എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അര്‍ണബിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്ക് ടി.വി സംപ്രേക്ഷണം ആരംഭിച്ച ആഴ്ച തന്നെ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. അര്‍ണബിനും റിപ്പബ്ലിക്ക് ടി.വിയുടെ ഉടമസ്ഥ സ്ഥാപനമായ എ.ആര്‍.ജി ഔട്ട്‌ലിയര്‍ മീഡിയ-ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെയാണ് കേസ്. ശശിതരൂരിന് വേണ്ടി അഭിഭാഷകരായ മുഹമ്മദ് അലി ഖാന്‍, ഗൗരവ് ഗുപ്ത എന്നിവരാണ് ഹാജരായത്.