ബി.ജെ.പിയെ അധികാരത്തിലെത്തിക്കൂ, ഉത്തര്‍പ്രദേശിനെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി ഞങ്ങള്‍ മാറ്റാം; പുതിയ വാഗ്ദാനവുമായി അമിത് ഷാ
2022 U.P Assembly Election
ബി.ജെ.പിയെ അധികാരത്തിലെത്തിക്കൂ, ഉത്തര്‍പ്രദേശിനെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി ഞങ്ങള്‍ മാറ്റാം; പുതിയ വാഗ്ദാനവുമായി അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th January 2022, 4:33 pm

മുസാഫര്‍നഗര്‍: തന്റെ ഭരണകാലത്ത് മാഫിയകളേയും ഗുണ്ടകളേയും വളര്‍ത്തിയെന്ന് പറയുന്നതില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ലജ്ജ തോന്നുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”അഖിലേഷ് യാദവിന് നുണ പറയുന്നതില്‍ ലജ്ജ തോന്നുന്നില്ല. ആരെങ്കിലും അത് ശരിയാണെന്ന് കരുതും വിധം ഉറക്കെയാണ് അദ്ദേഹം നുണകള്‍ പറയുന്നത്. യു.പിയില്‍ ക്രമസമാധാന നില ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു,’ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ കാലത്ത് ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെടുകയാണുണ്ടായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധകാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് മോഷണം 70 ശതമാനം കുറഞ്ഞു. കവര്‍ച്ച 69 ശതമാനവും കൊലപാതകം 30 ശതമാനമായും കുറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ 35 ശതമാനവും ബലാത്സംഗം 30 ശതമാനവും കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനം ഭരിച്ചിരുന്ന സമയത്തെ ക്രമസമാധാന നിലയുടെ കണക്കുകള്‍ പുറത്തുകൊണ്ടുവരാന്‍ അഖിലേഷ് യാദവിനെ ഷാ വെല്ലുവിളിക്കുകയും ചെയ്തു.

‘അഖിലേഷ്, ഇപ്പോള്‍ നിങ്ങള്‍ ഒരു പത്രസമ്മേളനം നടത്തി നിങ്ങളുടെ സര്‍ക്കാരിന്റെ കാലത്തെ ക്രമസമാധാന നില എന്തായിരുന്നുവെന്ന് പറയൂ. എന്നാല്‍ കാണിക്കാന്‍ ഒരുതരത്തിലുള്ള വിവരങ്ങളും നിങ്ങളുടെ പക്കലില്ല. അതുകൊണ്ട് നിങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തില്ല,’ ഷാ പറഞ്ഞു.

ബി.എസ്.പി ജാതിയെ കുറിച്ചും കോണ്‍ഗ്രസ് രാജവംശത്തെ കുറിച്ചും അഖിലേഷ് യാദവ് മാഫിയകളെക്കുറിച്ചും ഗുണ്ടാരാജിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പി സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കി. ഇതുവരെ ജാതിയെക്കുറിച്ചോ രാജവംശത്തെക്കുറിച്ചോ മാഫിയയെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. വികസനത്തെക്കുറിച്ച് മാത്രമാണ് സംസാരച്ചത്,’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാല്‍ യു.പി രാജ്യത്തിന്റെ ഒന്നാം നമ്പര്‍ സംസ്ഥാനമാകുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉത്തര്‍പ്രദേശില്‍ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.പി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഖിലേഷ് യാദവ് തന്നെയായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് എസ്.പി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

സമാജ്‌വാദി പാര്‍ട്ടിയുടെ കുത്തക മണ്ഡലമായി കര്‍ഹാലില്‍ നിന്നും മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നയിക്കാനാണ് അഖിലേഷ് യാദവ് ഒരുങ്ങുന്നത്.

സമാജ്‌വാദി പാര്‍ട്ടിയെയും അഖിലേഷിനെയും സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കര്‍ഹാല്‍.

സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് മറ്റു മണ്ഡലങ്ങളില്‍ ആവശ്യമായ പ്രചരണവും ക്യാമ്പെയ്‌നുകളും സംഘടിപ്പിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് കര്‍ഹാല്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് കരുതുന്നത്.

403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.


Content Highlights: Bring BJP to power, we can make Uttar Pradesh the number one state; Amit Shah with new promise