| Sunday, 22nd October 2023, 7:34 pm

ആര്‍.എസ്.എസ് എന്നാല്‍ രാഷ്ട്രീയ സര്‍വനാസ് സമിതി: ബൃന്ദ കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍. എസ്.എസ് എന്നാല്‍ രാഷ്ട്രീയ സര്‍വനാസ് സമിതിയാണെന്ന് സി.പി.ഐ.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട്. ഹിന്ദുമതത്തിന് എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന സംസ്‌കാരമാണ് ഉള്ളതെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തെ വിമര്‍ശിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.

ഇന്ത്യയുടെ ഐക്യത്തെയും സംസ്‌കാരത്തെയും ആര്‍.എസ്.എസുകാര്‍ ആക്രമിക്കുകയാണെന്ന് ബൃന്ദ പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയം നിരന്തരം മറ്റ് മതങ്ങളെയും മൂല്യങ്ങളെയും ആളുകളെയും അധിക്ഷേപിക്കുകയാണെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.

എല്ലാ ദിവസവും ആര്‍.എസ്.എസ് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണെന്നും ബൃന്ദ പറഞ്ഞു. ഹിന്ദുമതത്തെ ഇസ്രഈലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തോട് താരതമ്യപ്പെടുത്തി ഭഗവത് സംസാരിച്ചിരുന്നു

‘ഹിന്ദുത്വം എല്ലാവരെയും ഉള്‍കൊള്ളുന്നു. ഇസ്രഈലും ഹമാസും തമ്മില്‍ നടന്നത് പോലെയുള്ള സംഘര്‍ഷം ഇന്ത്യ ഇതുവരെ നേരിട്ടിട്ടില്ല,’ മഹാരാഷ്ട്രയിലെ സ്‌കൂള്‍ പരിപാടിയില്‍ സംസാരിക്കുകയിരുന്നു ഭഗവത്.

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഭക്തിയുള്ളവരാണെന്നും ലോകത്തിലെ ഭൂരിഭാഗം ഹിന്ദുക്കളും, ജൈനരും, സിഖുകാരും കൂടാതെ ദശലക്ഷക്കണക്കിന് മുസ്ലിങ്ങളും, ക്രിസ്ത്യാനികളും, ബുദ്ധമതക്കാരും ഇന്ത്യയില്‍ ഉണ്ടെന്നും ഭഗവത് പറഞ്ഞു.

Content Highlight: Brindha Karat said that R.S.S is Sarvanas samiti

We use cookies to give you the best possible experience. Learn more