| Wednesday, 2nd March 2022, 10:44 pm

ഫിഷ് റോക്ക് ഹേ സിനാമികയില്‍ ഉപയോഗിക്കാനായി ഗോവിന്ദ് വസന്തയോട് കെഞ്ചി, ആദ്യം അത് വേണോ എന്നാണ് ചോദിച്ചത്: ബൃന്ദ മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, കാജല്‍ അഗര്‍വാള്‍, അദിതി റാവു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസറും ഗാനങ്ങളുമെല്ലാം ശ്രദ്ധ നേടിയിരുന്നു.

ഇതിലൊന്നായിരുന്നു മേഘം എന്ന ഗാനം. ഗോവിന്ദ് വസന്തിന്റെ സംഗീതത്തിലൊരുങ്ങിയ മേഘം 2013 ല്‍ പുറത്തിറങ്ങിയ ഫിഷ് റോക്കിന്റെ ഈണത്തിലായിരുന്നു ഒരുക്കിയിരുന്നത്. ഫിഷ് റോക്കിന്റെ സൃഷ്ടാക്കളില്‍ ഒരാളാണ് ഗോവിന്ദ് വസന്ത്. ഫിഷ് റോക്ക് സിനിമയിലേക്ക് എത്തിയത് എത്തിയതെങ്ങനെ എന്ന പറയുകയാണ് ബൃന്ദ. മാതൃഭൂമിയോടായിരുന്നു അവരുടെ പ്രതികരണം.

‘ഗോവിന്ദ് വസന്തയുടെയും 96ലെ ഗാനങ്ങളുടെയും തൈക്കൂടം ബ്രിഡ്ജിന്റെയുമെല്ലാം വലിയ ആരാധികയാണ് ഞാന്‍. തൈക്കൂടം ബ്രിഡ്ജിന്റെ ഹിറ്റ് ഗാനമായ ‘ഫിഷ് റോക്ക്’ ഈ ചിത്രത്തില്‍ ഉപയോഗിക്കണമെന്ന് സത്യത്തില്‍ ഞാന്‍ ഗോവിന്ദ് വസന്തയോട് കെഞ്ചുകയായിരുന്നു. അത്രയ്ക്കും മനോഹരമായ കമ്പോസിഷന്‍ ആണത്.

ശരിക്കും അത് വേണോ എന്നാണ് ഗോവിന്ദ് ചോദിച്ചത്. തീര്‍ച്ചയായും വേണമെന്ന് ഞാന്‍ പറഞ്ഞു. അത്രയ്ക്ക് എനിക്കിഷ്ടമുള്ള ഗാനമാണത്. അങ്ങനെയാണ് ചിത്രത്തിലെ ‘മേഘം’ എന്ന ഗാനം ഒരുങ്ങുന്നത്,’ ബൃന്ദ പറഞ്ഞു.

‘ഇതുള്‍പ്പടെ ആറ് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. എല്ലാം വ്യത്യസ്ത ജോണറിലുള്ള ഗാനങ്ങള്‍. ദുല്‍ഖര്‍ ഒരു റാപ് ആലപിച്ചിട്ടുണ്ട്. ഭയങ്കര ബുദ്ധിമുട്ടുള്ള ഗാനമാണ്. കാരണം മദന്‍ കര്‍ക്കിയുടെ വരികള്‍ അങ്ങനെയുള്ളതാണ്. പക്ഷേ ദുല്‍ഖര്‍ സ്റ്റുഡിയോയില്‍ വന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് ഈസിയായി പാട്ട് പാടി പോയി. അദ്ദേഹത്തിന് ഇത്ര നന്നായി പാടാനുള്ള കഴിവുമുണ്ടെന്നുള്ളത് ശരിക്കും എന്നെ ഞെട്ടിച്ചു,’ ബൃന്ദ കൂട്ടിച്ചേര്‍ത്തു.

നൃത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് സിനിമാ സംവിധായികയാവാന്‍ ബൃന്ദ തീരുമാനിച്ചത്. തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രമെത്തുന്നത്. കേരളത്തില്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വവും, ടൊവിനോ തോമസിന്റെ നാരദനുമാണ് ഹേ സിനിാമികക്കൊപ്പം റിലീസ് ചെയ്യുന്നത്.


Content Highlight: Brinda talks about how Fish Rock of thaikkudam bridge came to hey sinamika 

We use cookies to give you the best possible experience. Learn more