കഥ പറഞ്ഞു കഴിഞ്ഞയുടനേ കണ്ണിന് മുന്നില്‍ തെളിഞ്ഞത് ദുല്‍ഖര്‍; ഹേ സിനാമികയെ പറ്റി ബൃന്ദ മാസ്റ്റര്‍
Film News
കഥ പറഞ്ഞു കഴിഞ്ഞയുടനേ കണ്ണിന് മുന്നില്‍ തെളിഞ്ഞത് ദുല്‍ഖര്‍; ഹേ സിനാമികയെ പറ്റി ബൃന്ദ മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd March 2022, 2:54 pm

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായികയാവുന്ന ഹേ സിനാമിക മാര്‍ച്ച് മൂന്നിന് റിലീസിനൊരുങ്ങുകയാണ്.

നൃത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് സിനിമാ സംവിധായികയാവാന്‍ ബൃന്ദ തീരുമാനിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, അദിതി റാവു ഹൈദരി, കാജള്‍ അഗര്‍വാള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ബൃന്ദ ‘ഹേ സിനാമിക’ സംവിധാനം ചെയ്തിരിക്കുന്നത്.

മദന്‍ കര്‍ക്കി തന്നോട് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ ദുല്‍ഖറാണ് ആദ്യം കണ്ണിന് മുന്നില്‍ തെളിഞ്ഞതെന്ന് ബൃന്ദ മാസ്റ്റര്‍ പറയുന്നു. തനിക്കേറ്റവും ഇഷ്ടമുള്ള നടനാണ് ദുല്‍ഖറെന്നും അദ്ദേഹത്തിന്റെ അഭിനയശൈലി അനായാസമാണെന്നും ബൃന്ദ മാസ്റ്റര്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അവരുടെ പ്രതികരണം.

‘മദന്‍ കര്‍ക്കി ഈ ചിത്രത്തിന്റെ കഥ പറഞ്ഞു കഴിഞ്ഞയുടനേ എന്റെ കണ്ണിന് മുന്നില്‍ യാഴന്‍ എന്ന കഥാപാത്രമായി തെളിഞ്ഞത് ദുല്‍ഖറിന്റെ മുഖമാണ്. ദുല്‍ഖറിനോട് തന്നെയാണ് ആദ്യം കഥ പറയുന്നതും. ദുല്‍ഖര്‍ ചിത്രത്തിന് ഓകെ പറഞ്ഞതോടെ ഞാന്‍ നിലത്തൊന്നുമല്ലായിരുന്നു. കാരണം, എനിക്കേറ്റവും ഇഷ്ടമുള്ള നടനാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ ഈസ് എ ഗ്രേറ്റ് റിയല്‍ ആക്ടര്‍. അദ്ദേഹത്തിന്റെ അഭിനയശൈലി അനായാസമാണ്. വളരെ നാച്ചുറലാണ്. വളരെ മികച്ച ഒരു മനുഷ്യനുമാണ് ദുല്‍ഖര്‍.

നൃത്തസംവിധായികയായി ഞാന്‍ നിറയെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനെ പോലെ മികച്ച നടന്‍ നായകനാവുന്നത് ഏറെ സന്തോഷിപ്പിക്കുന്നു. അതിഥി റാവുവിനെയും അതുപോലെ ആദ്യമേ തന്നെ മൗന എന്ന കഥാപാത്രമായി മുന്നില്‍ കണ്ടതാണ്. അതുപോലെ കാജള്‍, സീനിയറായ താരമാണ് നിറയെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മികച്ച നടിയാണ്. കുറച്ച് ടഫ് ആയ കഥാപാത്രമാണ് കാജളിന്റെ മലര്‍വിഴി, അവര്‍ അത് വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്,’ ബൃന്ദ മാസ്റ്റര്‍ പറഞ്ഞു.

മാര്‍ച്ച് മൂന്നിന് തന്നൊണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വവും റിലീസ് ചെയ്യുന്നത്. അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ഒന്നിച്ച് റിലീസിനെത്തന്നത് അത്ഭുതമാണെന്നും ബൃന്ദ പറഞ്ഞു.

‘മാര്‍ച്ച് മൂന്ന് എനിക്കേറെ സ്പെഷ്യലായ ദിവസമാണ് എന്റെ ആദ്യ ചിത്രം തീയേറ്ററുകളിലെത്തുന്നു. പക്ഷേ അന്ന് മറ്റൊരു യാദൃശ്ചികത കൂടിയുണ്ട്. അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ഒന്നിച്ച് റിലീസിനെത്തുകയാണ്. അങ്ങനെയൊക്കെ ശരിക്കും നടക്കുമോ എന്നത് തന്നെ അത്ഭുതമാണ്. ഇതെല്ലാം വലിയ അനുഗ്രഹമാണ്. മമ്മൂട്ടി സാറിന്റെ ഭീഷ്മ പര്‍വവും അതേ ദിവസം തന്നെയാണ് റിലീസിനെത്തുന്നത്. ഞാനൊരു ചിത്രം ചെയ്യുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് മമ്മൂക്കയോടാണ്. അദ്ദേഹമാണ് എന്നെ ആദ്യം അനുഗ്രഹിക്കുന്നത്. അതെല്ലാം വലിയ ഭാഗ്യമല്ലേ.

കേരളത്തിലെ പ്രേക്ഷകര്‍ ഈ അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ആസ്വദിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. ലോക്ഡൗണിന്റെ ബുദ്ധിമുട്ടുകളൊക്കെ നേരിട്ട ചിത്രമാണ് ഹേ സിനാമിക. ഇത് വരെ നമ്മള്‍ നേരിട്ടിട്ടില്ലാത്ത പല കാര്യങ്ങളുമാണ് ഈ കോവിഡ് കാലത്ത് മുന്നില്‍ വന്നത്. ആ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി വച്ച് തീയേറ്ററില്‍ വന്ന് ആസ്വദിക്കാവുന്ന ചിത്രമാകും ഹേ സിനാമിക,’ ബൃന്ദ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: brinda master about hey sinamika