അഗര്‍ത്തല: ത്രിപുരയില്‍ കോണ്‍ഗ്രസുമായി കൈ കോര്‍ത്തത് ബി.ജെ.പിയെ നേരിടാനാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് അനുകൂല സാന്നിധ്യമുണ്ടെന്നും വോട്ടിന് വേണ്ടിയല്ല ത്രിപുരയുടെ ഭാവിക്ക് വേണ്ടിയാണ് ഈ പോരാട്ടമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
അഞ്ചുവര്‍ഷമായുള്ള ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്നും ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒരുമിച്ച് അവരെ തകര്‍ക്കാനായി മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഭയം മാറ്റിവെച്ച് ശബ്ദമുയര്‍ത്താനുള്ള ആത്മവിശ്വസം ജനങ്ങള്‍ക്കും ലഭിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു ബൃന്ദ കാരാട്ടിന്റെ പ്രതികരണം.
”അഞ്ച് വര്‍ഷമായി ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇടത് അനുകൂല സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. സി.പി.ഐ.എം, കോണ്‍ഗ്രസ് തുടങ്ങി ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒരുമിച്ച് അവരെ തകര്‍ക്കാനായി മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള ആത്മവിശ്വസം ജനങ്ങള്‍ക്ക് ലഭിക്കും.
കുറേ നാള്‍ ശത്രുക്കളെ പോലെ നിന്ന കോണ്‍ഗ്രസും സി.പി.ഐ.എമ്മും സുഹൃത്തുക്കളായി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരളത്തില്‍ ശത്രുക്കളും ത്രിപുരയില്‍ സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനും കമ്മ്യൂണിസത്തിനും രാജ്യത്തെക്കുറിച്ച് ആശങ്കയുണ്ട്.
ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെയുള്ള എല്ലാ കാര്യത്തിലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സുഹൃത്തുക്കളാണ്. വെറും വോട്ടിന് വേണ്ടി മാത്രമല്ല ഇത്. ഇന്ത്യയുടെയും ത്രിപുരയുടെയും ഭാവിക്ക് വേണ്ടിയാണ് ഇപ്പോഴുള്ള മാറ്റം,” ബൃന്ദ കാരാട്ട് പറഞ്ഞു.