കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഒരു തരത്തിലും മാപ്പര്‍ഹിക്കുന്നില്ലെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് താന്‍ കരുതുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
നടന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണം. കേസില്‍ ഉറച്ച് നില്‍ക്കുന്ന പെണ്‍കുട്ടിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നു. അതുപോലെ പ്രതികളെ വേഗത്തില്‍ പിടികൂടിയ പിണറായി സര്‍ക്കാറിനെ അഭിനന്ദിക്കുന്നതായും ബൃന്ദ കാരാട്ട് പറഞ്ഞു.
ഇന്ത്യയുടെ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ഒരു നടിയെ പീഡിപ്പിക്കാന്‍ വേണ്ടി മറ്റൊരു നടന്‍ ക്വട്ടേഷന്‍ നല്‍കുന്നത് ഇതാദ്യമായാണ്. ഇക്കാര്യം ഹൈക്കോടതി മനസിലാക്കുമെന്നാണ് താന്‍ കരുതുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ സംഘടിപ്പിച്ച മതനിരപേക്ഷതക്കായി പെണ്‍കൂട്ടായ്മ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
നടിക്കെതിരെ നടന്ന ആക്രമത്തില്‍ വ്യക്തിയെ നോക്കാതെ നടപടിയെടുത്തതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ആക്രമത്തെ യാതൊരു തരത്തിലും വെച്ച് പൊറുപ്പിക്കുന്ന സര്‍ക്കാരല്ല കേരളത്തിലേതെന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി കാണിച്ച് കൊടുക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചു.
തന്നെ ആക്രമിച്ച വ്യക്തിക്ക് പെണ്‍കുട്ടി തന്നെ ശിക്ഷ നല്‍കിയ സംഭവവും കേരളത്തില്‍ ഉണ്ടായി. “പെണ്‍കുട്ടി തന്നെ പ്രതിക്ക് ശിക്ഷ വിധിച്ചു കഴിഞ്ഞല്ലോ” എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു ബൃന്ദയുടെ വാക്കുകള്‍.
മനുഷ്യരുടെ ജീവന് പകരം ഗോമൂത്രത്തിനും ചാണകത്തിനും വില നല്‍കുന്ന രാജ്യമാണിന്ന് ഇന്ത്യ. പശുവിനെ സ്നേഹിച്ചില്ലെങ്കില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. മനുഷ്യനേക്കാള്‍ വില പശുവിന് നല്‍കുന്ന രാജ്യമായി ഇന്ത്യ മാറി. കാവി ഷാള്‍ ധരിച്ചാല്‍ എന്തും ചെയ്യാന്‍ ഇവിടെ ലൈസന്‍സ് കിട്ടും. ഇത് വലിയ അപകടത്തിലേക്കാണ് നമ്മെ നയിക്കുകയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.