| Tuesday, 27th February 2024, 10:15 am

ഉത്തരാഖണ്ഡ് ഏകസിവില്‍കോഡ്; സദാചാര പൊലീസിങ്ങിനുള്ള നിയമപരമായ അനുവാദം, അവകാശങ്ങളെ റദ്ദ് ചെയ്യുകയാണ്: ബൃന്ദ കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവില്‍കോഡ് ബില്ലിനെതിരെ സി.പി.ഐ.എം ദേശീയ നേതാവും മുന്‍ രാജ്യസാഭാംഗവുമയ ബൃന്ദ കാരാട്ട്. ഏകതയും സമത്വവുമില്ലാത്ത ബില്ലാണ് ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയിലൂടെയാണ് ബൃന്ദ കാരാട്ടിന്റെ പ്രതികരണം.

നിയമത്തിലെ സ്ത്രീ വിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമായ ക്രൂര സ്വഭാവങ്ങള്‍ മറക്കാനാണ് മുസ്‌ലീം വ്യക്തി നിയമത്തിലെ മുത്തലാഖ് ഉള്‍പ്പടെയുള്ള ആചാരങ്ങള്‍ നിരോധിച്ചത് ബി.ജെ.പി സര്‍ക്കാര്‍ എടുത്ത് കാണിക്കുന്നതെന്ന് ബൃന്ദ ആരോപിച്ചു. നിയമത്തില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നിലവിലുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ ലൈംഗിക അവകാശങ്ങളെ ആക്രമിക്കുന്നതും സദാചാര പൊലീസിങ്ങിന് നിയമപരമായി അനുവാദം നല്‍കുന്നതുമാണിത്. കുറ്റവല്‍ക്കരിക്കപ്പെട്ട ഏക വ്യക്തി നിയമം എന്നിതിനെ വിശേഷിപ്പിക്കാം. നിയമത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍ കേവലം പിഴവായി മാത്രം കാണാന്‍ സാധിക്കുന്നതല്ല. അറു പിന്തിരിപ്പനും നിലവിലുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുന്നതുമാണ് നിയമത്തിലെ വ്യവസ്ഥകള്‍’, ബൃന്ദ കാരാട്ട് പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കുന്നതിന് വേണ്ടിയുള്ള ഒരു മോശം നിയമ നിര്‍മാണമാണിതെന്ന് അവർ ആരോപിച്ചു. എല്ലാ സമുദായങ്ങള്‍ക്ക് മേലും ഭൂരിപക്ഷ കാഴ്ചപ്പാട് അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നിയമം പിന്‍വലിക്കണമെന്നാണ് സി.പി.ഐ.എമ്മിന്റെ ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടനയില്‍ ഏകവ്യക്തി നിയമത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അല്ലാതെ കേന്ദ്രം നടപ്പാക്കുന്നതിന് മുമ്പ് ഏതെങ്കിലുമൊരു സംസ്ഥാനത്തിന് നിയമം നടപ്പാക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ പൗരന്‍മാര്‍ക്കും ബാധകമായ ഒരു നിയമം നടപ്പാക്കണമെന്നാണ് ഏകവ്യക്തി നിയമത്തെ പിന്തുണക്കുന്നവരുടെ അടിസ്ഥാന വാദം. ഒരു വീട്ടില്‍ ഒരു വ്യക്തിക്ക് ഒരു നിയമവും മറ്റൊരു വ്യക്തിക്ക് വേറൊരു നിയമവും ആയാല്‍ ആ വീട്ടില്‍ എങ്ങനെയാണ് ഭരണം നടത്തുകയെന്ന് മുന്‍ പ്രധാനമന്ത്രി ചോദിച്ചിരുന്നു. മുസ്‌ലിം വ്യക്തി നിയമത്തെ പരാമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആ സംസ്ഥാനത്തിന് മാത്രം ബാധകമാകുന്ന നിയമ നിര്‍മാണം നടത്തി ഇരട്ട സംവിധാനം സ്ഥാപിച്ചിരിക്കുകയാണ്. ഓരോ സംസ്ഥാനവും സ്വന്തം വ്യക്തി നിയമമാണ് നിര്‍മിക്കുന്നതെങ്കില്‍ അതില്‍ ഏകത എങ്ങനെ കൊണ്ടുവരാനാകും’,ബൃന്ദ കാരാട്ട് പറഞ്ഞു.

ഇത്തരമൊരു നിയമം പാസാക്കുന്നതിന് മുമ്പ് ചര്‍ച്ചകളും കൂടിയാലോചനകളും നടത്തേണ്ടത് അനിവാര്യമായിരുന്നിട്ടും ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ബില്ല് തിരക്കിട്ട് പാസാക്കുകയായിരുന്നു. കരട് കമ്മിറ്റിയുടെ കണ്ടത്തലുകള്‍ പഠിക്കാന്‍ പ്രതിപക്ഷം സമയം ആവശ്യപ്പെട്ട് പ്രതിഷേധിച്ചിട്ടും അത് തള്ളിക്കളയുകയാണ് ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്. ഫെബ്രുവരി ഏഴിന് ജയ് ശ്രീറാം വിളികളോടെയാണ് സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.

Contant Highlight: Brinda Karat against Uttarakhand uniform civil code bill

We use cookies to give you the best possible experience. Learn more