| Monday, 23rd July 2012, 11:35 am

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ യു.പി.എ മൗനം പാലിക്കുന്നു: ബൃന്ദ കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ യു.പി.എ. സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഭരണമുന്നണിയുടെ പ്രാഥമിക ലിസ്റ്റില്‍ ഇത് ഉള്‍പ്പെട്ടിട്ടില്ല എന്നു പറഞ്ഞുകൊണ്ടാണ് ഈ അവഗണന എന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സി.എന്‍.എന്‍-ഐ.ബി.എന്‍-ലെ കരണ്‍ താപ്പറുടെ ഡെവിള്‍സ് അഡ്വൊക്കേറ്റ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്തുകൊണ്ടാണ് ബൃന്ദ ഇങ്ങനെ പ്രതികരിച്ചത്.

[]കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി അധികാരത്തിലിരിക്കുന്ന യു.പി.എ സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ യാതൊന്നും ചെയ്യുന്നില്ല. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിശിഷ്യ ഐ.പി.സി-യുടെ 354 അടക്കമുള്ള സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌ക്കരിക്കപ്പെട്ടിട്ടില്ല. അതുകാരണമാണ് ഗുവഹാത്തിയിലേതടക്കമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

“സ്ത്രീകള്‍ക്കെതിരായി നടന്നു വരുന്ന വിവിധയിനം കുറ്റകൃത്യങ്ങളില്‍ ആഭ്യന്തരമന്ത്രി നിര്‍വ്വികാരപരമായ സമീപനമാണ് പലപ്പോഴും സ്വീകരിക്കുന്നത്. ദുരഭിമാന കൊലപാതകങ്ങള്‍ ഉള്‍പ്പടെ ഇവിടെയുണ്ടായിട്ടും ഇതിനെതിരെ വ്യക്തമായൊരു നിയമം വേണമെന്ന് അദ്ദേഹം കരുതുന്നില്ല.” ബൃന്ദ കാരാട്ട് പറഞ്ഞു.

കടുത്ത നിയമം ആവശ്യം

സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൊണ്ടുവരാന്‍ വൈകുന്നതില്‍ സര്‍ക്കാരിന് യാതൊരു കുറ്റബോധവുമില്ല

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ തടയാന്‍ കടുത്ത നിയമം തന്നെ വേണമെന്ന് പാര്‍ലമെന്റില്‍ എല്ലാവര്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ ആഭ്യന്തരമന്ത്രി അങ്ങനെ കരുതുന്നില്ല. കാരണം അദ്ദേഹം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ബൃന്ദ അഭിപ്രായപ്പെട്ടു.

സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൊണ്ടുവരാന്‍ വൈകുന്നതില്‍ സര്‍ക്കാരിന് യാതൊരു കുറ്റബോധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ വനിത കമ്മീഷനെതിരെയും ബൃന്ദ കാരാട്ട് തുറന്നടിച്ചു. ദേശീയ വനിതാ കമ്മീഷന് പുതിയ വീക്ഷണം അത്യാവശ്യമാണ്. അതിന്റെ ഇന്നത്തെ പ്രവര്‍ത്തനം നിരാശാജനകമാണെന്നും ബൃന്ദ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ തങ്ങളുടെ വസ്ത്ര ധാരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് “അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അന്യായമാണ്. അവര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ യാതൊരവകാശവുമില്ല. അവരിങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല. കാരണം ഇത്തരമൊരു അഭിപ്രായം നടത്തിയിട്ടില്ലെന്ന് അവര്‍ പറയുന്നുണ്ട്. അവരുടെ വാക്കുകളാണ് ഞാന്‍ മുഖവിലയ്‌ക്കെടുക്കുന്നത്” എന്നും ബൃന്ദ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more