|

വടക്കാഞ്ചേരി കൂട്ടബലാത്സംഗം; ഇരയുടെ പേര് വെളിപ്പെടുത്തിയ കെ. രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് ബൃന്ദ കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേസ് ഒതുക്കാന്‍ സി.പി.ഐ.എമ്മുകാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെടും. ഇരയുടെ പേരു പരസ്യപ്പെടുത്തരുതെന്നാണ് സി.പി.ഐ.എം നിലപാടെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.


ന്യൂദല്‍ഹി: വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

കേസ് ഒതുക്കാന്‍ സി.പി.ഐ.എമ്മുകാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെടും. ഇരയുടെ പേരു പരസ്യപ്പെടുത്തരുതെന്നാണ് സി.പി.ഐ.എം നിലപാടെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. പേര് വെളിപ്പെടുത്തിയ നടപടി തെറ്റാണ്. അത് അംഗീകരിക്കാനാകില്ല. ഇത്തരം തെറ്റു ചെയ്യുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്ന തോന്നല്‍ യുവതിക്കുണ്ടായത് ദുരന്തമാണെന്നും അവര്‍ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്തെ രണ്ട് വര്‍ഷം യുവതിക്ക് നീതി ലഭിച്ചില്ല എന്നതും ഗൗരവമുള്ള കാര്യമാണ്. ആരോപണം ഉയര്‍ന്ന ഉടന്‍ പാര്‍ട്ടി നടപടിയെടുത്തു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടുണ്ട്. ഇനി ഈ വിഷയം പാര്‍ട്ടി ചര്‍ച്ചചെയ്യേണ്ടതില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

ഇരയുടെ പേര്  മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ കെ. രാധാകൃഷ്ണനെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഹിമേന്ദ്രനാഥ് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ബുധനാഴ്ച, കേസില്‍ ആരോപണ വിധേയരായ രണ്ടു പാര്‍ട്ടി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്. പീഡനം നടന്നുവെന്നു പറയാനാകില്ലെന്നും പരാതിക്കാരിക്കെതിരെ സ്വന്തം അച്ഛനും അമ്മയും നല്‍കിയ പരാതി പോലും നിലവിലുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

ബലാത്സംഗ കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുന്നത് ഐ.പി.സി 228 (എ) പ്രകാരം ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. മാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തുന്നതു കുറ്റകരമാണെന്നു ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയന്തന്റെ പേര് പറഞ്ഞ സ്ഥിതിക്ക് പരാതി നല്‍കിയവരുടെ പേരുകള്‍ പറയുന്നതില്‍ തെറ്റില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി.

Latest Stories