തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മുസ്‌ലിം ലീഗിന്റെ പതാക ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്. വയനാട്ടില്‍ നടന്ന എല്‍.ഡി.എഫിന്റെ പ്രചരണ പരിപാടിയില്‍ മുന്നണിയിലെ ഘടക കക്ഷിയായ ഐ.എന്‍.എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി പിടിച്ചാണ് ബൃന്ദ കാരാട്ട് കോണ്‍ഗ്രസിന് മറുപടി നല്‍കിയത്.
ഐ.എന്‍.എല്‍ എല്‍.ഡി.എഫിലെ ബഹുമാന്യരായ അംഗമാണെന്നാണ് കൊടി ഉയര്‍ത്തി ബൃന്ദ കാരാട്ട് പറഞ്ഞത്. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പാര്‍ട്ടി പതാകകള്‍ ഒഴിവാക്കിയത് അടുത്തിടെ വലിയ വിവാദമായിരുന്നു.
ഈ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ബൃന്ദ കാരാട്ടിന്റെ പ്രസംഗം. മുസ്‌ലിം ലീഗിന്റെ പതാക ഉള്‍പ്പെടുത്താന്‍ ഭയന്നാണ് എല്ലാ പതാകകളും പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നായിരുന്നു വിമര്‍ശനം.
ഐ.എന്‍.എല്ലിന്റെ പതാക കൈയിലെടുത്താണ് ബൃന്ദ ഇതിന് മറുപടി പറഞ്ഞത്. ഐ.എന്‍.എല്ലിന്റെ പച്ചക്കൊടിയും സി.പി.ഐ.എമ്മിന്റെയും സി.പി.ഐയുട ചുവന്നകൊടികളും തങ്ങളുടെ കൈയിലുണ്ടെന്നും ബൃന്ദകാരാട്ട് പറഞ്ഞു. പച്ചൊക്കൊടിയെന്ന് മലയാളത്തിലാണ് ബൃന്ദ പറഞ്ഞത് എന്നതും ശ്രദ്ധേയമായി
രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ടുകളും നീല ബലൂണുകളും മാത്രമായിരുന്നു റോഡ് ഷോയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് മുസ്‌ലിം ലീഗിന്റെ വോട്ട് വേണം, എന്നാല്‍ പതാക പാടില്ലെന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ ഒരു പതാകയും ഉള്‍പ്പെടുത്തെണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനും പിന്നീട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ കാരണമെന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞ് മാറുകയും ചെയ്തിരുന്നു.