| Thursday, 8th June 2023, 4:01 pm

നൂറ് ശതമാനം തലച്ചോര്‍ ഉപയോഗിച്ചാല്‍ ദേ ദിങ്ങനെ ഒരു സ്റ്റംപിങ് കാണാം 💯💯; പാക് താരത്തെ മടക്കിയ ഡേവിസിന്റെ ബ്രില്യന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

വൈറ്റാലിറ്റി ബ്ലാസ്റ്റിലെ ബെര്‍മിങ്ഹാം ബെയര്‍സും ഡെര്‍ബിഷെയര്‍ ഫാല്‍ക്കണ്‍സും തമ്മിലുള്ള പോരാട്ടമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. അടിയും തിരിച്ചടിയുമായി ഇരുടീമും കസറിയ മത്സരം ടി-20 ഫോര്‍മാറ്റിന്റെ സകല മനോഹാര്യതയും ഉള്‍ക്കൊണ്ടിരുന്നു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലെ ഒരു തകര്‍പ്പന്‍ സ്റ്റംപിങ്ങാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ഡെര്‍ബിഷെയര്‍ ഓപ്പണറും പാക് താരവുമായ ഹൈദര്‍ അലിയെ പുറത്താക്കിയ ബെര്‍മിങ്ഹാം വിക്കറ്റ് കീപ്പര്‍ അലക്‌സ് ഡെവിസിന്റെ പ്രെസെന്‍സ് ഓഫ് മൈന്‍ഡാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഡാനി ബ്രിഗ്‌സ് എറിഞ്ഞ 11ാം ഓവറിലെ രണ്ടാം പന്തിലാണ് ഹൈദര്‍ അലി പുറത്താകുന്നത്. ബ്രിഗ്‌സിനെ അറ്റാക്ക് ചെയ്യാനായി ക്രീസ് വിട്ടിറങ്ങിയ ഹൈദര്‍ അലിക്ക് പിഴക്കുകയായിരുന്നു. അലി ബീറ്റണാവുകയും പന്ത് വിക്കറ്റ് കീപ്പര്‍ ഡേവിസിന്റെ കൈകളിലെത്തുകയും ചെയ്തു.

എന്നാല്‍ ഫസ്റ്റ് ചാന്‍സില്‍ ഡേവിസിന് പന്ത് കൈപ്പിടിയൊതുക്കാന്‍ സാധിച്ചില്ല. എങ്കിലും പന്ത് വളരെ പെട്ടെന്ന് തന്നെ കയ്യിലാക്കിയ താരം സ്റ്റംപിങ്ങിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈദര്‍ ക്രീസിലുള്ളതിനാല്‍ വിക്കറ്റ് വീഴ്ത്തിയിരുന്നില്ല.

എന്നാല്‍ വിക്കറ്റ് വീഴ്ത്തിയെന്ന് കരുതിയ ഹൈദര്‍ അലി ക്രീസ് വിട്ടിറങ്ങിയതോടെ ഡേവിസ് സ്റ്റംപിങ് പൂര്‍ത്തിയാക്കുകയും വിക്കറ്റ് നേടിയെടുക്കുകയുമായിരുന്നു.

ഈ സ്റ്റംപിങ്ങിന് പിന്നാലെ ചില കണ്‍ഫ്യൂഷനുകളും ഉടലെടുത്തിരുന്നു. എന്നാല്‍ അമ്പയര്‍മാര്‍ ബെര്‍മിങ്ഹാമിന് അനുകൂലമായി വിധിയെഴുതുകയും ഹൈദര്‍ അലി പുറത്താവുകയുമായിരുന്നു.

34 പന്തില്‍ നിന്നും നാല് ബൗണ്ടറിയും രണ്ട് സിക്‌സറുമായി 48 റണ്‍സാണ് ഹൈദര്‍ അലി നേടിയത്. മികച്ച തുടക്കം നല്‍കി ഹൈദര്‍ അലി പുറത്തായെങ്കിലും ആ തുടക്കം മുതലെടുത്ത ഫാല്‍ക്കണ്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബെര്‍മിങ്ഹാം ബെയര്‍സ് സൂപ്പര്‍ താരം സാം ഹെയ്‌നിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയിരുന്നു.

36 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 79 റണ്‍സാണ് ഹെയ്ന്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫാല്‍ക്കണ്‍സ് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ തകര്‍ത്തടിച്ചു. 48 റണ്‍സ് നേടിയ ഹൈദര്‍ അലിക്ക് പുറമെ ഓപ്പണര്‍ ലൂയീസ് റീസെ അര്‍ധസെഞ്ച്വറി നേടി സ്‌കോറിങ്ങില്‍ കരുത്തായി.

ഇവര്‍ക്ക് പുറമെ നാലാം നമ്പറിലിറങ്ങിയ ലൂയിസ് ഡു പ്ലോയിയും അര്‍ധസെഞ്ച്വറി തികച്ചതോടെ ഫാല്‍ക്കണ്‍സ് മൂന്ന് പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

Content highlight: Brilliant stumping of Alex Davis in Vitality blast

We use cookies to give you the best possible experience. Learn more