ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര നാടകീയമായ അന്ത്യത്തിലേക്കാണ് അടുക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരത്തിലും വിജയിച്ച് 2-2 എന്ന നിലയില്‍ സമനില പിടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബ്രാവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍മാര്‍ കളമറിഞ്ഞ് കളിച്ച മത്സരത്തില്‍ ഒമ്പത് വിക്കറ്റും 18 പന്തും ബാക്കി നില്‍ക്കവെയാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.
ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും ഷായ് ഹോപ്പിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ഹെറ്റ്‌മെയര്‍ 39 പന്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ ഹോപ് 29 പന്തില്‍ 45 റണ്‍സും നേടി.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് വിന്‍ഡീസ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും യശസ്വി ജെയ്‌സ്വാളും തുടക്കത്തിലേ ആഞ്ഞടിച്ചു. കയ്യില്‍ കിട്ടിയ വിന്‍ഡീസ് ബൗളര്‍മാരെയെല്ലാം ഇരുവരും മാറി മാറി അടിച്ചുകൂട്ടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു.
പത്ത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യയെ 100 റണ്‍സ് മാര്‍ക് കടത്തിയ ഇരുവരും വൈകാതെ തന്നെ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അവിടംകൊണ്ടും നിര്‍ത്താതെ ഇരുവരും വീണ്ടും കത്തിക്കയറി.
ഒടുവില്‍ ടീം സ്‌കോര്‍ 165ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 16ാം ഓവറിലെ മൂന്നാം പന്തില്‍ ഗില്ലിനെ മടക്കി റൊമാരിയോ ഷെപ്പേര്‍ഡാണ് കൂട്ടുകെട്ട് പൊളിച്ചത്.
എന്നാല്‍ ഇതിനോടകം തന്നെ ഒരു തകര്‍പ്പന്‍ റെക്കോഡ് തന്റെയും ജെയ്‌സ്വാളിന്റെയും പേരില്‍ കുറിച്ച ശേഷമാണ് ഗില്‍ മടങ്ങിയത്. ടി-20യിലെ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പിന്റെ റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്. കെ.എല്‍. രാഹുല്‍ – രോഹിത് ശര്‍മ ഡുവോക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടാണ് ഇരുവരും റെക്കോഡ് നേട്ടത്തിന്റെ ഭാഗമായത്.
ടി-20യിലെ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് സ്‌കോര്‍
(താരങ്ങള്‍ – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
യശസ്വി ജെയ്‌സ്വാള്‍ & ശുഭ്മന്‍ ഗില്‍ – 165 – വെസ്റ്റ് ഇന്‍ഡീസ് – 2023.
രോഹിത് ശര്‍മ & കെ.എല്‍. രാഹുല്‍ – 165 – ശ്രീലങ്ക – 2017.
രോഹിത് ശര്‍മ & ശിഖര്‍ ധവാന്‍ – 160 – അയര്‍ലന്‍ഡ് – 2018.
രോഹിത് ശര്‍മ & ശിഖര്‍ ധവാന്‍ – 158 – ന്യൂസിലാന്‍ഡ് – 2017.
രോഹിത് ശര്‍മ & കെ.എല്‍. രാഹുല്‍ – 140 – അഫ്ഗാനിസ്ഥാന്‍ – 2021.
വിരേന്ദര്‍ സേവാഗ് & ഗൗതം ഗംഭീര്‍ – 136 – ഇംഗ്ലണ്ട് – 2007.
വിജയത്തിന് 14 റണ്‍സകലെ ഗില്‍ കാലിടറി വീണെങ്കിലും പിന്നാലെയെത്തിയ തിലക് വര്‍മയെ കൂട്ടുപിടിച്ച് ജെയ്‌സ്വാള്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ഞായറാഴ്ചയാണ് പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം മത്സരം. നാലാം മത്സരം നടന്ന അതേ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ വാര്‍ക്കിലാണ് സീരീസ് ഡിസൈഡര്‍ മത്സരം അരങ്ങേറുന്നത്.
Content highlight: Brilliant record by Yashasvi Jaiswal and Shubman Gill