| Saturday, 22nd April 2023, 8:47 pm

ഒന്നും അവസാനിച്ചിട്ടില്ല, ഇനി പലതും ബാക്കിയാണ്; വേള്‍ഡ് കപ്പ് ഇയറില്‍ ശക്തമായ സ്‌റ്റേറ്റ്‌മെന്റുകളുമായി സീനിയര്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ ഇനിയൊന്നും ബാക്കിയില്ല എന്ന് എഴുതി തള്ളിയ പല താരങ്ങളുടെയും തിരിച്ചുവരവിനാണ് ഐ.പി.എല്‍ 2023 സാക്ഷ്യം വഹിക്കുന്നത്. ഒരു കാലത്ത് ടീമുകളിലെ നിര്‍ണായക സാന്നിധ്യമാവുകയും എന്നാല്‍ ഫോം ഔട്ടായതോടെ സ്‌ക്വാഡില്‍ നിന്നുതന്നെ സ്ഥാനം നഷ്ടമായ പല താരങ്ങളും ഐ.പി.എല്ലിന്റെ ഈ സീസണില്‍ തിരിച്ചുവരവ് ഗംഭീരമാക്കുകയാണ്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹിത് ശര്‍മയും ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇഷാന്ത് ശര്‍മയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അമിത് മിശ്രയും മുംബൈ ഇന്ത്യന്‍സിന്റെ പീയൂഷ് ചൗളയുമെല്ലാം ഇത്തരത്തില്‍ തങ്ങളുടെ തിരിച്ചുവരവ് ഗംഭീരമാക്കുകയാണ്.

2020ന് ശേഷം ആദ്യമായി ഐ.പി.എല്‍ കളിക്കാനെത്തിയ മോഹിത് ശര്‍മ സീസണില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും മാന്‍ ഓഫ് ദി മാച്ചായാണ് കരുത്ത് കാട്ടുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം പഞ്ചാബ് കിങ്‌സിനായി പന്തെറിയാനെത്തിയ മോഹിത് ശര്‍മ നാല് ഓവര്‍ പന്തെറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ് വെറും ഏഴ് റണ്‍സാണ് താരം വഴങ്ങിയത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഒരിക്കല്‍ക്കൂടി മോഹിത് ശര്‍മ തന്റെ ക്ലാസ് വ്യക്തമാക്കിയിരുന്നു. തോല്‍വിയില്‍ നിന്നും ടൈറ്റന്‍സിനെ കരകയറ്റാന്‍ നിര്‍ണായക പങ്കുവഹിച്ച മോഹിത്തിനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തതും.

കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലും ആരാധകര്‍ ഇത്തരത്തില്‍ ഒരു തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ബൗളറായ ഇഷാന്ത് ശര്‍മയായിരുന്നു തിരിച്ചുവരവ് ഗംഭീരമാക്കിയത്.

ഈ സീസണില്‍ ഒറ്റ വിജയം പോലും സ്വന്തമായി ഇല്ലാതിരുന്ന ദല്‍ഹിക്ക് ആദ്യ വിജയം നേടാന്‍ കാരണക്കാരനായതും ഇഷാന്ത് തന്നെയായിരുന്നു. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 19 റണ്‍സാണ് താരം വഴങ്ങിയത്.

ക്യാപ്റ്റന്‍ നിതീഷ് റാണയുടേതടക്കം രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷാന്തിനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും.

ഇവര്‍ക്ക് പുറമെ വെറ്ററന്‍ താരങ്ങളായ അമിത് മിശ്രയും പീയൂഷ് ചൗളയും തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി മികച്ച പ്രകടനം പുറത്തെടുക്കുകയാണ്.

ആറ് മത്സരത്തിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ചൗള മുംബൈ ഇന്ത്യന്‍സ് നിരയില്‍ നിര്‍ണായകമാവുന്നത്. 7.15 എന്ന എക്കോണമിയില്‍ പന്തെറിയുന്ന ചൗളയുടെ മികച്ച പ്രകടനം 22/3 ആണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ അമിത് മിശ്രയും മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെക്കുന്നത്. നാല് മത്സരത്തില്‍ നിന്നും നാല് വിക്കറ്റാണ് മിശ്രയുടെ സമ്പാദ്യം. 6.50 എന്ന എക്കോണയില്‍ പന്തെറിയുന്ന മിശ്ര ഗുജറാത്തിനെതിരായ മത്സരത്തിലും വിക്കറ്റ് വീഴ്ത്തിയിരുന്നു. 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.

Content highlight: Brilliant performance of senior stars in IPL 2023

We use cookies to give you the best possible experience. Learn more