ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ആഴ്‌സണല്‍- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് യുവതാരമായ ഡെക്ലാന്‍ റൈസാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. താരം നേടിയ ഗോളും പിന്നാലെ ആഴ്‌സലിന്റെ വിജയവും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.
ഒന്നിനെതിരെ മൂന്ന് ഗോളിന് ഗണ്ണേഴ്‌സ് റെഡ് ഡെവിള്‍സിനെ തകര്‍ത്തെറിഞ്ഞ മത്സരത്തില്‍ ഒരു ഗോളാണ് റൈസ് നേടിയത്. കളിയുടെ ഇഞ്ചുറി ടൈമിലായിരുന്നു താരത്തിന്റെ നിര്‍ണായക ഗോള്‍. ക്ലബ്ബിന് വേണ്ടി റൈസ് നേടുന്ന ആദ്യ ഗോളാണ് ഇത്.
ആഴ്‌സണലിന്റ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ടീമിന് വേണ്ടിയുള്ള ആദ്യ ഗോള്‍ നേടാന്‍ സാധിച്ചു എന്നതും താരത്തിന്റെ നേട്ടത്തിന്റെ മധുരം ഇരട്ടിയാക്കുന്നു.
96 ആം മിനിട്ടില്‍ കോര്‍ണറില്‍ നിന്നും പന്ത് സ്വീകരിച്ച റൈസ് ഷോട്ടെടുത്തു. എന്നാല്‍ അത് യുണൈറ്റഡ് പ്രതിരോധ താരം ജോണി ഇവാന്‍സിന്റെ കാലില്‍ ഡിഫ്ളെക്ട് ചെയ്തശേഷം പോസ്റ്റിലേക്ക് പോവുകയായിരുന്നു.
ഇതോടെ നിമിഷങ്ങളില്‍ ഗാലറിയില്‍ പീരങ്കിപ്പടയുടെ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. തങ്ങളുടെ പുതിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഡെക്ലാന്‍ റൈസിന്റെ പേര് ആവേശത്തോടെയാണ് ഗാലറിയില്‍ മുഴങ്ങിക്കേട്ടത്.
ഇതിന് പിന്നാലെ ഗബ്രിയല്‍ ജെസുസ് മൂന്നാം ഗോളും നേടിയതോടെ എമിറേറ്റ്‌സ് സ്‌റ്റേഡിയം ആവേശത്തില്‍ അലതല്ലി.
ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആയ വെസ്റ്റ് ഹാമില്‍ നിന്നും 105 മില്യണ്‍ തുക ചെലവഴിച്ചാണ് ആഴ്സണല്‍ റൈസിനെ സ്വന്തം തട്ടകത്തിലെത്തിച്ചത്. ചെല്‍സിയുടെ യൂത്ത് കരിയറിലൂടെ അരങ്ങേറ്റം കുറിച്ച ഈ ഇരുപത്തിനാലുകാരന്‍ പിന്നീട് വെസ്റ്റ് ഹാമിലെത്തുകയായിരുന്നു. 2028 വരെയാണ് താരത്തിന് ഗണ്ണേഴ്‌സുമായി കരാര്‍ ഉള്ളത്.
അതേസമയം, മാഞ്ചസ്റ്ററിനെതിരായ വിജയത്തിന് പിന്നാലെ നിലവില്‍ നാല് മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആഴ്‌സണല്‍. സെപ്റ്റംബര്‍ 17ന് എവര്‍ട്ടണെതിരെയാണ് ആഴ്‌സണലിറ്റിന്റെ അടുത്ത മത്സരം. ഗൂഡിസണ്‍ പാര്‍ക്കാണ് വേദി.
Content highlight: Brilliant performance of Declan rice in Arsenal vs Manchester United match