രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ അഡ്മിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഏറെ പാടുപെട്ടതായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണും സൂപ്പര്‍ താരങ്ങളായ ജോ റൂട്ടും ജെയ്‌സ്വാളും ഹെറ്റ്‌മെയറും ആഞ്ഞടിച്ചതോടെ ട്വിറ്ററിലടക്കം അഭിനന്ദന പോസ്റ്റുകള്‍ നിറയ്‌ക്കേണ്ട തിരക്കിലായിരുന്നു പാവം അഡ്മിന്‍.
ഒരു ടീമിലെ മിക്ക താരങ്ങളും ഇങ്ങനെ തകര്‍ത്തടിക്കുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും ധരിച്ചുകാണില്ല. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ നാലാം ടി-20യിലാണ് സഞ്ജുവും ജെയ്‌സ്വാളും ഹെറ്റിയും തരംഗമായതെങ്കില്‍ ദി ഹണ്‍ഡ്രഡിലായിരുന്നു റൂട്ടിന്റെ വെടിക്കെട്ട്.
ദി ഹണ്‍ഡ്രഡിലെ ലണ്‍ന്‍ സ്പിരിറ്റ് – ട്രെന്റ് റോക്കറ്റ്‌സ് മത്സരത്തിലാണ് റൂട്ട് തകര്‍ത്തടിച്ചത്. 35 പന്തില്‍ പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 72 റണ്‍സാണ് റൂട്ട് റോക്കറ്റ്‌സ് ടോട്ടലിലേക്ക് സംഭാവന ചെയ്തത്. 205.71 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നുറൂട്ടിന്റെ വെടിക്കെട്ട്.
എന്നാല്‍ റൂട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലും റോക്കറ്റ്‌സിന് വിജയിക്കാന്‍ സാധിച്ചില്ല. രണ്ട് റണ്‍സിനായിരുന്നു ടീമിന് തോല്‍വി രുചിക്കേണ്ടി വന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലണ്ടന്‍ സ്പിരിറ്റ് ക്യാപ്റ്റന്‍ ഡാന്‍ ലോറന്‍സിന്റെ വെടിക്കെട്ടില്‍ 100 പന്തില്‍ 195ന് നാല് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 52 പന്തില്‍ 93 റണ്‍സാണ് ലോറന്‍സ് നേടിയത്.
196 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ റോക്കറ്റ്‌സിന് നിശ്ചിത പന്തില്‍ 193 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
അതേസമയം, ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ നാലാം ടി-20യിലാണ് സഞ്ജുവടക്കമുള്ള താരങ്ങള്‍ തിളങ്ങിയത്.
ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ സഞ്ജു തിളങ്ങി. കൈല്‍ മയേഴ്‌സിനെ പുറത്താക്കാനെടുത്ത തകര്‍പ്പന്‍ ക്യാച്ചടക്കം രണ്ട് ക്യാച്ച് സ്വന്തമാക്കിയാണ് സഞ്ജു ആരാധകരുടെ കയ്യടി നേടിയത്.
വിന്‍ഡീസ് നിരയില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 39 പന്തില്‍ മൂന്ന് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 61 റണ്‍സാണ് താരം നേടിയത്. 156.41 താരം റണ്ണടിച്ചുകൂട്ടിയത്. വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോററും ഹെറ്റി തന്നെ.
അരങ്ങേറ്റ ടി-20യില്‍ മങ്ങിയെങ്കിലും യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ തിരിച്ചുവരവാണ് രണ്ടാം ടി-20യില്‍ ക്രിക്കറ്റ് ലോകം കണ്ടത്. 51 പന്തില്‍ പുറത്താകാതെ 84 റണ്‍സടിച്ചാണ് ജെയ്‌സ്വാള്‍ തിളങ്ങിയത്. 164.71 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 11 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെയാണ് ജെയ്‌സ്വാള്‍ റണ്ണടിച്ചത്.
ഈ വെടിക്കെട്ടിന് പിന്നാലെ നിരവധി റെക്കോഡുകളും യശസ്വിയെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ അര്‍ധ സെഞ്വറി പൂര്‍ത്തിയാക്കിയ നാലാമത് പ്രായം കുറഞ്ഞ താരം, അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്കായി ആദ്യ വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് തുടങ്ങിയ റെക്കോഡുകളും സ്വന്തമാക്കിയാണ് ജെയ്‌സ്വാള്‍ നാലാം ടി-20 അവസാനിപ്പിച്ചത്.
ഞായറാഴ്ചയാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. അഞ്ചാം മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാകുമെന്നിരിക്കെ ക്രിക്കറ്റ് ലോകമൊന്നാകെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്.
Content highlight: Brilliant performance by Rajasthan Royals’ players