ഐ.സി.സി വനിതാ ടി-20 ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ജമൈമ റോഡ്രിഗസിന്റെയും റിച്ച ഘോഷിന്റെയും ഷെഫാലി വര്‍മയുടെയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ബിസ്മ മറൂഫിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് 149 റണ്‍സ് നേടിയിരുന്നു. 55 പന്തില്‍ നിന്നും പുറത്താവാതെ 68 റണ്‍സാണ് ബിസ്മ നേടിയത്.
ബിസ്മ മറൂഫിന് പുറമെ അയേഷ നസീമും ബാറ്റിങ്ങില്‍ തകര്‍ത്തടിച്ചു. 25 പന്തില്‍ നിന്നും പുറത്താവാതെ 43 റണ്‍സാണ് അയേഷ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് യാഷ്ടിക ഭാട്ടിയയും ഷെഫാലി വര്‍മയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇന്ത്യന്‍ സ്‌കോര്‍ 38ല്‍ നില്‍ക്കവെ 17 റണ്‍സുമായി യാഷ്ടിക മടങ്ങി. സാദിയ ഇഖ്ബാലിന്റെ പന്തില്‍ ഫാത്തിമ സനക്ക് ക്യാച്ച് നല്‍കിയാണ് യാഷ്ടിക മടങ്ങിയത്.
വണ്‍ ഡൗണായി ക്രീസിലെത്തിയത് ജമൈമ റോഡ്രിഗസായിരുന്നു. ഷെഫാലിക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ജമൈമ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു.
പത്താം ഓവറിന്റെ ആദ്യ പന്തില്‍ ഷെഫാലിയെ പുറത്താക്കി നഷ്‌റ സന്ധുവാണ് ആ കൂട്ടുകെട്ട് പോളിച്ചത്. ബൗണ്ടറി ലൈനിന് തൊട്ടടുത്ത് നിന്നും സിദ്ര അമീനിന്റെ തകര്‍പ്പന്‍ ക്യാച്ചായിരുന്നു ഷെഫാലിയെ പുറത്താക്കിയത്. 25 പന്തില്‍ നിന്നും 33 റണ്‍സായിരുന്നു ഷെഫാലിയുടെ സമ്പാദ്യം.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും മോശമാക്കിയില്ല. 12 പന്തില്‍ നിന്നും 16 റണ്‍സ് നേടി നില്‍ക്കവെ നഷ്‌റ സന്ധുവിനെ മിസ് ജഡ്ജ് ചെയ്ത ഷോട്ട് പിഴക്കുകയും ബിസ്മ ക്യാച്ചെടുത്ത് പുറത്താക്കുകയുമായിരുന്നു.
അടുത്ത ഊഴം റിച്ച ഘോഷിന്റേതായിരുന്നു. ക്രീസിലെത്തിയ ആദ്യ നിമിഷങ്ങളില്‍ പതിയെ തുടങ്ങിയ റിച്ച തുടര്‍ന്ന് ആഞ്ഞടിക്കുകയായിരുന്നു. ഒരു വശത്ത് ജമൈമയും മറുവശത്ത് റിച്ചയുമായതോടെ പാകിസ്ഥാന്‍ കളി മറന്നു.
ബൗണ്ടറികള്‍ക്ക് പിന്നാലെ ബൗണ്ടറികളുമായി ജമൈമയും റിച്ചയും കളം നിറഞ്ഞാടിയതോടെ ഒരു ഓവര്‍ ശേഷിക്കെ ഇന്ത്യ വിജയം സ്വന്തമാക്കി.
38 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുമായി പുറത്താകാതെ 53 റണ്‍സ് നേടിയ ജമൈമയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. മൂന്നാമതായി ഇറങ്ങി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ജമൈമ മെല്‍ബണിലെ വിരാടിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ബാറ്റ് വീശിയത്.
കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പില്‍ മെല്‍ബണില്‍ വെച്ച് ഇന്ത്യയും പാകിസ്ഥാനുമേറ്റുമുട്ടിയപ്പോള്‍ വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യക്ക് തുണയായത്. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ അശ്വിന്റെ സിംഗിളിലൂടെ ഇന്ത്യ വിജയം പിടിച്ചടക്കുകയായിരുന്നു.
ആ മത്സരത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു കേപ് ടൗണിലെ കഴിഞ്ഞ മത്സരവും. വണ്‍ ഡൗണായെത്തിയ ജമൈമയാണ് ഇത്തവണ ഇന്ത്യന്‍ സ്‌കോറിങ്ങിനെ പടുത്തുയര്‍ത്തിയത്. മെല്‍ബണില്‍, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സ് വിരാട് പുറത്തെടുത്തപ്പോള്‍, വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലുതും സക്‌സസ്ഫുള്ളുമായ റണ്‍ ചെയ്‌സിനാണ് ജമൈമ നിദാനമായത്.
ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഫെബ്രുവരി 15ന് നടക്കുന്ന മത്സരത്തിന് ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാകുന്നത്.
Content Highlight: Brilliant Innings of Jamimah Rodrigues and Virat Kohli against Pakistan