| Thursday, 5th October 2023, 8:41 pm

രാഹുല്‍ ദ്രാവിഡിന്റെ 'ര'യും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ 'ചിനും' ചേര്‍ന്നവന്‍; ഇംഗ്ലണ്ടിനെ തച്ചുടച്ച കിവികളുടെ ബ്രഹ്മാസ്ത്രം

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്റെ അടിത്തറയിളക്കുന്ന പ്രകടനമാണ് കഴിഞ്ഞ എഡിഷനിലെ റണ്ണേഴ്‌സ് അപ്പായ ന്യൂസിലാന്‍ഡ് പുറത്തെടുക്കുന്നത്. ലോകചാമ്പ്യന്‍മാരെ ഒന്നുമല്ലാതാക്കുന്ന തരത്തിലാണ് കിവികളുടെ ടോപ് ഓര്‍ഡര്‍ ബൗളര്‍മാരെ തച്ചുതകര്‍ക്കുന്നത്.

ഓപ്പണര്‍ വില്‍ യങ് ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ തങ്ങളെ നാണംകെടുത്താന്‍ പോന്ന ഒരു കൂട്ടുകെട്ടാണ് പിറവിയെടുക്കാന്‍ പോകുന്നതെന്ന് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. ന്യൂസിലാന്‍ഡിന്റെ മഹാമേരുവായ ഡെവോണ്‍ കോണ്‍വേയെന്ന സൂപ്പര്‍ താരത്തിനൊപ്പം രചിന്‍ രവീന്ദ്രയെന്ന ഇന്ത്യന്‍ വംശജനാണ് ക്രീസിലെത്തിയത്.

ബെംഗളൂരുവില്‍ ഇന്ത്യന്‍ ഇതിഹാസം ജവഗല്‍ ശ്രീനാഥിനൊപ്പം ക്ലബ്ബ് ക്രിക്കറ്റ് കളിച്ചിരുന്ന രവി കൃഷ്ണമൂര്‍ത്തി മകന് രചിന്‍ രവീന്ദ്ര എന്ന് പേരിട്ടത് ഒട്ടും യാദൃശ്ചികമായി ആയിരുന്നില്ല.

ഇന്ത്യയുടെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിനോടും ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോടുമുള്ള പിതാവിന്റെ ആരാധനയാണ് ഈ പേരിന് പിന്നില്‍. രാഹുല്‍ ദ്രാവിഡിന്റെ ‘ര’, സച്ചിന്റെ ‘ചിന്‍’ എന്നിവയാണ് ആ പേരിന് പിന്നില്‍.

രണ്ട് ഇന്ത്യന്‍ ഇതിഹാസങ്ങളെ പേരിനോട് ചേര്‍ത്തുവെച്ച രചിന്‍ ഒട്ടും നിരാശരാക്കിയില്ല. കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീ മാച്ചില്‍, ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിക്കൊണ്ടാണ് രചിന്‍ കയ്യടി നേടിയത്.

ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടം കോണ്‍വേ നേടിയെങ്കിലും അദ്ദേഹത്തിന്റെ മറ്റൊരു റെക്കോഡ് സ്വന്തമാക്കിയാണ് രചിന്‍ ചരിത്രം കുറിച്ചത്. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനായി വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് രചിന്‍ സ്വന്തമാക്കിയത്. 82ാം പന്തിലായിരുന്നു രചിന്റെ റെക്കോഡ് നേട്ടം.

ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് നിലവില്‍ 250 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സ് 35 ഓവര്‍ പിന്നിടുമ്പോള്‍ 265 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്.

15 ഓവറില്‍ വെറും 18 റണ്‍സാണ് ഇനി വിജയിക്കാന്‍ കിവികള്‍ക്ക് ആവശ്യമുള്ളത്. 116 പന്തില്‍ 140 റണ്‍സുമായി കോണ്‍വേയും 93 പന്തില്‍ 117 റണ്‍സുമായി രചിനുമാണ് ക്രീസില്‍ തുടരുന്നത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് 282 എന്ന ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്നറും ഗ്ലെന്‍ ഫിലിപ്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോള്‍ട്ടും രചിന്‍ രവീന്ദ്രയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

Content highlight: Brilliant Innings by Rachin Ravindra against England

We use cookies to give you the best possible experience. Learn more