ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഏറെ പ്രിയപ്പെട്ടതായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം തന്നെ അവരുടെ ടീമിനായി തിളങ്ങിയത് ആരാധകരെ കുറച്ചൊന്നുമല്ല ആവേശത്തിലാക്കിയത്.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മര്‍ ജൂനിയറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കഴിഞ്ഞ ദിവസം ഗോള്‍ നേടിയിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ച നടന്ന മത്സരത്തിലാണ് ലയണല്‍ മെസി ഗോള്‍ നേടിയത്. ലീഗ്‌സ് കപ്പില്‍ ഓര്‍ലാന്‍ഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ ഇരട്ട ഗോളുമായാണ് മെസി തിളങ്ങിയത്.
മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ തന്നെ ഗോള്‍ നേടിയ മെസി മയാമിയെ മുമ്പിലെത്തിച്ചിരുന്നു. എന്നാല്‍ 17ാം മിനിട്ടില്‍ സീസര്‍ അറൗജോയുടെ ഗോളില്‍ ഓര്‍ലാന്‍ഡോ മത്സരത്തിലേക്ക് മടങ്ങിയത്തി. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരു ടീമും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
എന്നാല്‍ രണ്ടാം പകുതിയുടെ ആറാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ മയാമി ലീഡെടുത്തു. ജോസഫ് മാര്‍ട്ടീനസാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ 72ാം മിനിട്ടില്‍ മെസി വീണ്ടും വലകുലുക്കിയപ്പോള്‍ മയാമി ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയം ആഘോഷിച്ചു.
പി.എസ്.ജിയുടെ പ്രീ സീസണ്‍ ടൂറിലാണ് നെയ്മര്‍ ഇരട്ട ഗോള്‍ നേടിയത്. സൗത്ത് കൊറിയന്‍ ടീമായ ജെനോബക്കിനെതിരെയാണ് നെയ്മര്‍ തിളങ്ങിയത്.
ബുസാന്‍ അസിയദ് സ്‌റ്റോഡിയത്തില്‍ നടന്ന മത്സരത്തിന്റെ 40ാം മിനിട്ടിലാണ് നെയ്മറിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ ഏഴ് മിനിട്ട് ബാക്കിയുള്ളപ്പോള്‍ സുല്‍ത്താന്‍ വീണ്ടും വലകുലുക്കി.
രണ്ട് ഗോളിന് പുറമെ ഒരു ഗോളിന് വഴിയൊരുക്കുക കൂടി ചെയ്താണ് നെയ്മര്‍ മത്സരത്തില്‍ തിളങ്ങിയത്. നെയ്മറിന്റെ അസിസ്റ്റിലൂടെയാണ് 88ാം മിനിട്ടില്‍ മാര്‍കോ അസെന്‍സിയോ പാരീസ് വമ്പന്‍മാരുടെ മൂന്നാം ഗോളും സ്വന്തമാക്കിയത്.
ഇതോടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയവുമായി പി.എസ്.ജി തിളങ്ങി.
✅ It’s over in Busan!
Paris Saint-Germain finish their pre-season with a 3-0 success in Korea!
ലീഗ് വണ്ണിലാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ആഗസ്റ്റ് 13ന് പാര്‍ക് ഡെസ് പ്രിന്‍സെസില്‍ നടക്കുന്ന മത്സരത്തില്‍ ലോറിയന്റാണ് എതിരാളികള്‍.
അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിന്റെ രക്ഷകനായത്. ഗ്രൂപ്പ് സി-യില്‍ നടന്ന മത്സരത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബായ സമാലേക്കായിരുന്നു അല്‍ നസറിന്റെ എതിരാളികള്‍.
കിങ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം പകുതിയുടെ എട്ടാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി വലയിലാക്കി സമാലേക് ലീഡ് നേടി. അഹമ്മദ് സയ്യദാണ് സമാലേക്കിനായി ഗോള്‍ നേടിയത്.
തുടര്‍ന്ന് ഗോള്‍ മടക്കാന്‍ അല്‍ നസര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തോല്‍വിയിലേക്ക് വീഴുമെന്ന നിലയിലാണ് റൊണാള്‍ഡോ ടീമിന്റെ രക്ഷകനായത്. മത്സരത്തിന്റെ 87ാം മിനിട്ടില്‍ നേടിയ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിലൂടെ അല്‍ നസര്‍ സമനില സ്വന്തമാക്കി.
ആഗസ്റ്റ് ആറിനാണ് അല്‍ നസറിന്റെ അടുത്ത മത്സരം. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജ സി.എ ആണ് എതിരാളകള്‍.
Content Highlight: Brilliant goals of Messi, Ronaldo and Neymar