ഐ.പി.എല്ലിലെ 13ാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. സ്വന്തം തട്ടകത്തില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയില്ലാതെയാണ് ടൈറ്റന്‍സ് നൈറ്റ് റൈഡേഴ്‌സുമായി കൊമ്പുകോര്‍ക്കുന്നത്. ഹര്‍ദിക്കിന്റെ അഭാവത്തില്‍ റാഷിദ് ഖാനാണ് ടീമിനെ നയിക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്നാമനായി കളത്തിലിറങ്ങിയ സായ് സുദര്‍ശന്റെയും സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ടൈറ്റന്‍സ് മികച്ച സ്‌കോറിലേക്ക് നടന്നടുക്കുകയാണ്. സായ് സുദര്‍ശന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ ഗില്‍ 39 റണ്‍സും നേടി പുറത്തായി.
അഞ്ചാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സാഹ പുറത്തായത്. നരെയ്‌ന്റെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച സാഹക്ക് പിഴക്കുകയായിരുന്നു. ഉയര്‍ന്നുപൊങ്ങിയ പന്തിന് പിന്നാലെയോടിയ ജഗദീശന്‍ ഡൈവ് ചെയ്താണ് പന്ത് കൈപ്പിടിയിലൊതുക്കിയത്. ഇതോടെ നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയുള്ള അരങ്ങേറ്റം ഗംഭീരമാക്കാനും താരത്തിന് സാധിച്ചു.
അതേസമയം, നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് ടൈറ്റന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ടൈറ്റന്‍സിനെ തളക്കുകയാണ് പര്‍പ്പിള്‍ സ്‌ക്വാഡിന്റെ ലക്ഷ്യം.
സായ് സുദര്‍ശന്റെ വെടികെകട്ടിന് പുറമെ വിജയ് ശങ്കറിന്റെ അത്യുജ്ജ്വല വെടിക്കെട്ടിനാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഹീറോയായവരെയെല്ലാം തെരഞ്ഞുപിടിച്ച് തല്ലിയാണ് വിജയ് ശങ്കര്‍ തരംഗമായത്. 24 പന്തില്‍ നിന്നും പുറത്താകാതെ 63 റണ്‍സാണ് താരം നേടിയത്.
നൈറ്റ് റൈഡേഴ്‌സിനായി സുനില്‍ നരെയ്ന്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 35 റണ്‍സ് വഴങ്ങിയ സുയാഷ് ശര്‍മയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്.
Content Highlight: Brilliant catch of Narayan Jagadeeshan to dismiss Vridhiman Saha