| Monday, 14th August 2023, 12:59 pm

വാട്ട് എ ക്യാച്ച്! ഇന്ത്യക്കാരന്‍ പുറത്തായത് കണ്ട് ഇന്ത്യന്‍ ആരാധകര്‍ പോലും അമ്പരന്ന് കയ്യടിച്ച നിമിഷം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ എട്ട് വിക്കറ്റിന് പരാജയപ്പെട്ടതോടെ ഇന്ത്യക്ക് പരമ്പരയും അടിയറ വെക്കേണ്ടി വന്നിരുന്നു.

നാലാം മത്സരത്തില്‍ ചെയ്‌സ് ചെയ്ത് ജയിച്ച അതേ ട്രാക്കില്‍ ആദ്യം ബാറ്റ് ചെയ്ത് വിജയിക്കാം എന്ന ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനം തുടക്കത്തിലേ പാളി. ഓപ്പണര്‍മാര്‍ രണ്ട് പേരും ഒറ്റയക്കത്തിന് മടങ്ങി.

മൂന്നാമന്‍ സൂര്യകുമാര്‍ യാദവും നാലാം നമ്പറിലിറങ്ങിയ തിലക് വര്‍മയും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടത്. സൂര്യകുമാര്‍ അര്‍ധ സെഞ്ച്വറി തികച്ച് പുറത്തായപ്പോള്‍, 18 പന്തില്‍ നിന്നും 27 റണ്‍സ് നേടിയാണ് തിലക് വര്‍മ പുറത്തായത്.

150.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തി മികച്ച രീതിയില്‍ ക്രീസില്‍ തുടരവെയാണ് തിലക് വര്‍മ പുറത്തായത്. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ റോസ്റ്റണ്‍ ചെയ്‌സിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ചെയ്‌സ് തിലകിനെ പുറത്താക്കിയത്. തിലക് ഷോട്ട് കളിച്ചതിന് പിന്നാലെ വലതുവശത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കയ്യിലാണ് താരം ആ പന്ത് കൈപ്പിടിയിലൊതുക്കിയത്. ക്യാച്ചിന് ശേഷം വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍മാര്‍ തേര്‍ഡ് അമ്പയറിന്റെ സഹായം തേടുകയായിരുന്നു.

എന്നാല്‍ വിശദപരിശോധനയില്‍ ചെയ്‌സ് ക്ലീന്‍ ആയാണ് ക്യാച്ച് കംപ്ലീറ്റ് ചെയ്തതെന്ന് കണ്ടെത്തിയതോടെ അമ്പയര്‍ ഔട്ട് വിളിച്ചു.

ഈ ക്യാച്ചിന് പിന്നാലെ റോസ്റ്റണ്‍ ചെയ്‌സിന് പ്രശംസകളുടെ പ്രവാഹമാണ്. വളരെ മികച്ച രീതിയിലാണ് താരം ആ ക്യാച്ചെടുത്തതെന്നും അത് വെറും ക്യാച്ചായിരുന്നില്ല വിന്‍ഡീസിന്റെ പരമ്പര വിജയമായിരുന്നു എന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ചെയ്‌സ് 6.25 എക്കോണമിയില്‍ 25 റണ്‍സാണ് വിട്ടുകൊടുത്തത്.

ഈ പരമ്പരയില്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് റോസ്റ്റണ്‍ പന്തെറിഞ്ഞത്. അതില്‍ തന്നെ ഇംപാക്ട്ഫുള്‍ വിക്കറ്റ് നേടാനും താരത്തിന് സാധിച്ചു.

വരാനിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് റോസ്റ്റണ്‍ ചെയ്‌സ് ഇനി കളിക്കുക. സി.പി.എല്ലില്‍ സെന്റ് ലൂസിയ കിങ്‌സിന്റെ താരമാണ് ചെയ്‌സ്.

ഓഗസ്റ്റ് 17നാണ് സെന്റ് ലൂസിയ കിങ്‌സിന്റെ മത്സരം. സി.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ജമൈക്ക താലവാസാണ് എതിരാളികള്‍.

Content Highlight: Brilliant catch by Roston Chase in Ind vs WI 5th T20

We use cookies to give you the best possible experience. Learn more