ഏഷ്യ കപ്പിന് മുന്നോടിയായുള്ള ബൈലാറ്ററല്‍ സീരീസിന്റെ തിരക്കിലാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. കഴിഞ്ഞ ദിവസം മഹീന്ദ രാജപക്‌സെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ 142 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം നേടിയിരുന്നു. ബൗളര്‍മാരുടെ കരുത്തിലാണ് പാകിസ്ഥാന്‍ അഫ്ഗാനെ നിഷ്പ്രഭമാക്കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 201 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. താരതമ്യേന ചെറിയ തോതില്‍ എതിരാളികളെ ഒതുക്കിയ അഫ്ഗാന്‍ അനായാസ ജയം നേടുമെന്ന് തോന്നിച്ചിരുന്നു. മുജീബ് ഉര്‍ റഹ്‌മാന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിലാണ് അഫ്ഗാന്‍ പാകിസ്ഥാനെ പിടിച്ചുകെട്ടിയത്.
202 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ അഫ്ഗാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് പാകിസ്ഥാന്‍ ബൗളര്‍മാര്‍ തുടങ്ങിയത്. നസീം ഷായും ഷഹീന്‍ ഷാ അഫ്രിദിയും തങ്ങളുടെ ആദ്യ ഓവറുകളില്‍ അഫ്ഗാനെ വരിഞ്ഞുമുറുക്കി.
ഇരുവരുടെയും പേസ് ആക്രമണത്തില്‍ അഫ്ഗാന്‍ റണ്‍ കണ്ടെത്താന്‍ പാടുപെട്ടിരുന്നു. സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനാകാതെ അഫ്ഗാന്‍ കുഴങ്ങിയപ്പോള്‍ മുറിവില്‍ ഉപ്പ് പുരട്ടുന്നതെന്ന പോലെ പാക് ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടേയിരുന്നു.
ഇബ്രാഹിം സദ്രാനെ പുറത്താക്കി ഷഹീന്‍ അഫ്രിദിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മൂന്നാം ഓവറിലെ നാലാം പന്തില്‍ സദ്രാനെ മടക്കിയ ഷഹീന്‍ തൊട്ടടുത്ത പന്തില്‍ റഹ്‌മത് ഷായെയും പുറത്താക്കി.
ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയെ പൂജ്യത്തിന് പുറത്താക്കിയാണ് നസീം ഷാ തന്റെ റോള്‍ ഗംഭീരമാക്കിയത്. നാലാം ഓവറിലെ മൂന്നാം പന്തില്‍ മൂന്ന് പന്തില്‍ നിന്നും റണ്ണൊന്നും നേടാതിരുന്ന ഷാഹിദി ഷദാബ് ഖാന്റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു.
ഷായും ഷഹീനും തുടങ്ങിയ വെടിക്കെട്ട് ഹാരിസ് റൗഫും ഏറ്റെടുത്തതോടെ അഫ്ഗാന്‍ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ഫൈഫര്‍ തികച്ചാണ് റൗഫ് അഫ്ഗാനിസ്ഥാന്റെ അന്തകനായത്. 6.3 ഓവര്‍ പന്തെറിഞ്ഞ് 18 റണ്‍സിന് അഞ്ച് വിക്കറ്റാണ് താരം നേടിയത്. വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസ്, ഇക്രം അലിഖില്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍ എന്നിവരെ പുറത്താക്കിയാണ് റൗഫ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
ഇതിനൊപ്പം ഒരു ഓവര്‍ പന്തെറിഞ്ഞ് റണ്‍ വഴങ്ങാതെ ഷദാബ് ഖാനും ഒരു വിക്കറ്റ് നേടിയിരുന്നു. ഒടുവില്‍ 19.2 ഓവറില്‍ ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ അഫ്ഗാനിസ്ഥാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു.
മത്സരത്തില്‍ പാക് ബൗളര്‍മാരുടെ കണക്കുകള്‍ ഏത് ടീമിനെയും പേടിപ്പിക്കാന്‍ പോന്നതാണ്. ആകെയെറിഞ്ഞ 116 പന്തില്‍ 87 പന്തിലും പാകിസ്ഥാന്‍ താരങ്ങള്‍ റണ്‍ വഴങ്ങിയിരുന്നില്ല. അതായത് 75 ശതമാനം ഡോട്ട് ബോള്‍ പേര്‍സെന്റേജുമായാണ് പാക് പട അഫ്ഗാനെ പഞ്ഞിക്കിട്ടത്.
വരാനിരിക്കുന്ന ഏഷ്യ കപ്പിലും ലോകകപ്പിലും പാക് ബൗളര്‍മാരെ പേടിക്കണമെന്ന് തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യ കപ്പില്‍ പാകിസ്ഥാന്റെ ആദ്യ മത്സരം. ഇന്ത്യയാണ് എതിരാളികള്‍.
അതേസമയം, ഓഗസ്റ്റ് 24നാണ് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ പാകിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങുക. മഹീന്ദ രാജപക്‌സെ സ്റ്റേഡിയം തന്നെയാണ് വേദി.
Content Highlight: Brilliant bowling performance of Pakistan pacers against Afghanistan