| Thursday, 5th October 2023, 5:56 pm

ബാറ്റ് ചെയ്യും ഫീല്‍ഡ് ചെയ്യും കീപ്പിങ് ചെയ്യും ദേ ഇതുപോലെ പന്തെറിഞ്ഞ് വിക്കറ്റും വീഴ്ത്തും; വല്ലാത്തൊരു 4D താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന താരമാണ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങും എന്തിന് വിക്കറ്റ് കീപ്പിങ്ങിലും തിളങ്ങുന്ന ഫിലിപ്‌സ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും തന്റെ മാജിക് പുറത്തെടുക്കുകയാണ്.

മത്സരത്തിന്റെ 21ാം ഓവറില്‍ മോയിന്‍ അലിയെ പുറത്താക്കിയാണ് ഫിലിപ്‌സ് പന്തുകൊണ്ടുള്ള തന്റെ മായാജാലം ആരംഭിച്ചത്. താരത്തിന്റെ ആദ്യ ഓവറില്‍ തന്നെയായിരുന്നു വിക്കറ്റ് നേട്ടം.

17 പന്തില്‍ 11 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന മോയിന്‍ അലിയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഫിലിപ്‌സ് പുറത്താക്കിയത്.

സൂപ്പര്‍ താരം ജോ റൂട്ടിനായിരുന്നു അടുത്ത ഊഴം. അര്‍ധ സെഞ്ച്വറി നേടി ഇംഗ്ലണ്ട് സ്‌കോറിങ്ങില്‍ നിര്‍ണായകമായ റൂട്ടിനെയും പുറത്താക്കി ഫിലിപ്‌സ് ബ്ലാക് ക്യാപ്‌സിന് ബ്രേക് ത്രൂ നല്‍കി. നാല് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 86 പന്തില്‍ 77 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം.

മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് മാത്രം വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്. 5.67 എന്ന തകര്‍പ്പന്‍ എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്.

അതേസമയം, ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 282 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിച്ചു. റൂട്ടിന് പുറമെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ മാത്രമാണ് ത്രീ ലയണ്‍സ് നിരയില്‍ തിളങ്ങിയത്. 42 പന്തില്‍ 43 റണ്‍സാണ് ബട്‌ലര്‍ നേടിയത്. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയുമാണ് ബട്‌ലറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ജോണി ബെയര്‍സ്‌റ്റോ (35 പന്തില്‍ 33), ഹാരി ബ്രൂക്ക് (16 പന്തില്‍ 25) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

ന്യൂസിലാന്‍ഡ് നിരയില്‍ ജിമ്മി നീഷം ഒഴികെ പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടി. ഒരു മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ് 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് ന്യൂസിലാന്‍ഡ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ഡേവിഡ് മലന്‍, ജോസ് ബട്‌ലര്‍, സാം കറന്‍ എന്നിവരാണ് ഹെന്റിക്ക് മുമ്പില്‍ വീണത്.

ഗ്ലെന്‍ ഫിലിപ്‌സിന് പുറമെ മിച്ചല്‍ സാന്റ്‌നറും രണ്ട് വിക്കറ്റ് വീഴ്ത്തി കരുത്ത് കാട്ടി. ജോണി ബെയര്‍സ്‌റ്റോയും ക്രിസ് വോക്‌സ്‌നെയുമാണ് സാന്റ്‌നര്‍ പുറത്താക്കിയത്. ട്രെന്റ് ബോള്‍ട്ടും രചിന്‍ രവീന്ദ്രയുമാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീ മാച്ച് എന്ന നിലയിലാണ് ഈ മത്സരത്തെ ആരാധകര്‍ നോക്കിക്കാണുന്നത്. ആരാധകരെ നിരാശരാക്കാതെ വിജയിച്ചുകൊണ്ട് ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിക്കാനാണ് ന്യൂസിലാന്‍ഡും ഒരുങ്ങുന്നത്.

Content highlight: Brilliant bowling performance by Glen Phillips

We use cookies to give you the best possible experience. Learn more