ബാക്കിയെല്ലാം ഡ്യൂപ്പ്, ഇവരാണ് ഒറിജിനല്‍ തീയുണ്ടകള്‍; ഫാസ്റ്റ് ബൗളിങ്ങിന്റെ വശ്യതയും തീവ്രതയും ഒരുപോലെയറിഞ്ഞ് ലങ്ക
icc world cup
ബാക്കിയെല്ലാം ഡ്യൂപ്പ്, ഇവരാണ് ഒറിജിനല്‍ തീയുണ്ടകള്‍; ഫാസ്റ്റ് ബൗളിങ്ങിന്റെ വശ്യതയും തീവ്രതയും ഒരുപോലെയറിഞ്ഞ് ലങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd November 2023, 8:19 pm

2023 ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് കരുത്ത് ശരിക്കുമറിഞ്ഞ് ശ്രീലങ്ക. ഇന്ത്യന്‍ പേസ് ട്രയോയുടെ മുമ്പില്‍ കളി മറന്ന ശ്രീലങ്ക ആയിരുന്നു മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ കാഴ്ച.

ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഒരുപോലെ ലങ്കന്‍ ബാറ്റര്‍മാരെ ആക്രമിച്ചു. ഇവരുടെ ഫാസ്റ്റ് ബൗളിങ്ങിന് മുമ്പില്‍ ഉത്തരമില്ലാതെ ഉഴറാന്‍ മാത്രമാണ് ലങ്കക്കായത്.

ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കക്ക് സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ബുംറയും സിറാജും ചേര്‍ന്നാണ് വിക്കറ്റ് വീഴ്ത്തിയത്.

 

ലങ്കന്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ പാതും നിസംഗയെ പുറത്താക്കി ബുംറയാണ് ലങ്കന്‍ വധത്തിന് തുടക്കമിട്ടത്. ആ ഓവരില്‍ രണ്ട് റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ദിമുത് കരുണരത്‌നയെ മുഹമ്മദ് സിറാജ് പുറത്താക്കി. അതേ ഓവറിലെ അഞ്ചാം പന്തില്‍ സധീര സമരവിക്രമയെയും മടക്കി സിറാജ് ലങ്കക്ക് ഇരട്ട പ്രഹരമേല്‍പിച്ചു.

തന്റെ സ്‌പെല്ലിലെ രണ്ടാം ഓവറിലെ ആദ്യ പന്തിലും സിറാജ് വിക്കറ്റ് നേടി. കുശാല്‍ മെന്‍ഡിസാണ് നാലാം വിക്കറ്റായി മടങ്ങിയത്.

ബുംറക്കും സിറാജിനും ശേഷം ലങ്കയെ എറിഞ്ഞിടാനുള്ള ചുമതല മുഹമ്മദ് ഷമിക്കായിരുന്നു. തന്റെ ആദ്യ ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്ത്തി  ഷമി ലങ്കയെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. പത്താം ഓവറിലെ മൂന്നാം പന്തില്‍ ചരിത് അസലങ്കയെ പുറത്താക്കിയ ഷമി തൊട്ടടുത്ത പന്തില്‍ ദുഷ്മന്ത ഹേമന്തയെയും മടക്കി.

ഡബിള്‍ വിക്കറ്റ് മെയ്ഡന്റെ കരുത്തില്‍ തന്റെ രണ്ടാം ഓവറും എറിയാനെത്തി ഷമി ആരാധകരെ ഒട്ടും നിരാശരാക്കിയില്ല. ദുഷ്മന്ത ചമീരയെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചാണ് ഷമി മടക്കിയത്. ആറ് പന്തില്‍ റണ്‍സൊന്നും നേടാതെയാണ് ചമീര പുറത്തായത്.

നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 29 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക. ജസ്പ്രീത് ബുംറ അഞ്ച് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിറാജ് ആറ് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ഷമി രണ്ട് ഓവറില്‍ ഒരു റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്. ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. ശുഭ്മന്‍ ഗില്‍ 92 പന്തില്‍ 92 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്‌ലി 94 പന്തില്‍ 88 റണ്‍സും അയ്യര്‍ 56 പന്തില്‍ 82 റണ്‍സും നേടി പുറത്തായി.

ലങ്കക്കായി ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദുഷ്മന്ത ചമീര ഒരു വിക്കറ്റും നേടി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും റണ്‍ ഔട്ടായാണ് പുറത്തായത്.

 

 

Content Highlight: Brilliant bowling performance by Bumrah, Siraj and Shami against Sri Lanka