| Wednesday, 26th April 2023, 9:36 pm

കോര്‍ബോ ലോര്‍ബോ ജീത്‌ബോ രേ; കാറ്റിനെപ്പോലും നാണിപ്പിച്ച വേഗം; ആളിപ്പടര്‍ന്ന് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ മികച്ച സ്‌കോറിലേക്കുയര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നൈറ്റ് റൈഡേഴ്‌സ് നേടിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കളിത്തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് ഓപ്പണര്‍മാരായ ജേസണ്‍ റോയ്‌യും നാരായണ്‍ ജഗദീശനും മികച്ച തുടക്കമാണ് നല്‍കിയത്. 81 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

29 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ നാരായണ്‍ ജഗദീശന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. വണ്‍ ഡൗണായെത്തിയ വെങ്കടേഷ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന് റോയ് മറ്റൊരു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ടീം സ്‌കോര്‍ 88ല്‍ നില്‍ക്കവെ വൈശാഖ് വിജയ് കുമാറിന്റെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 29 പന്തില്‍ നിന്നും അഞ്ച് സിക്‌സറും നാല് ബൗണ്ടറിയുമടക്കം 56 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ നിതീഷ് റാണയും അയ്യരും ചേര്‍ന്ന് സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

കാറ്റിനെ പോലും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു ക്യാപ്റ്റന്‍ നിതീഷ് റാണ സ്‌കോര്‍ ചെയ്തത്. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അര്‍ഹമായ അര്‍ധ സെഞ്ച്വറി നഷ്ടമായ താരം 21 പന്തില്‍ നിന്നും 48 റണ്‍സ് നേടിയാണ് താരം പുറത്തായത്. 228.57 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് നേടിയത്.

വെങ്കടേഷ് അയ്യര്‍ 26 പന്തില്‍ നിന്നും 31 റണ്‍സ് നേടിയപ്പോള്‍ പത്ത് പന്തില്‍ നിന്നും 18 റണ്‍സാണ് റിങ്കു സിങ് നേടിയത്. അവസാന ഓവറിലെത്തി മൂന്ന് പന്ത് മാത്രം നേരിട്ട് രണ്ട് പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയ ഡേവിഡ് വീസെയുടെ ഇന്നിങ്‌സും ടീമിന് തുണയായി.

രണ്ട് പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രം നേടിയ റസല്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ നിരാശരാക്കിയത്.

ആര്‍.സി.ബിക്കായി വൈശാഖ് വിജയ് കുമാറും വാനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

Content Highlight: Brilliant Batting performance of Nitish Rana against RCB

We use cookies to give you the best possible experience. Learn more