ആദ്യ 32 ഓവറില്‍ 157/3, അടുത്ത 18 ഓവറില്‍ 259/2; അവസാന ഒമ്പത് ഓവറില്‍ അടിച്ചുകൂട്ടിയത് 165; ലോകകപ്പില്‍ ഭയപ്പെടേണ്ടത് ഇവരെ
Sports News
ആദ്യ 32 ഓവറില്‍ 157/3, അടുത്ത 18 ഓവറില്‍ 259/2; അവസാന ഒമ്പത് ഓവറില്‍ അടിച്ചുകൂട്ടിയത് 165; ലോകകപ്പില്‍ ഭയപ്പെടേണ്ടത് ഇവരെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th September 2023, 9:24 am

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ നാലാം ഏകദിനത്തില്‍ സന്ദര്‍ശകരെ തകര്‍ത്തെറിഞ്ഞ് പ്രോട്ടീസ്. കഴിഞ്ഞ സൂപ്പര്‍സ്‌പോര്‍ട് പാര്‍ക് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 164 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയെടുത്തത്.

വരാനിരിക്കുന്ന ലോകകപ്പില്‍ നിര്‍ണായകശക്തികളാകാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് വിളിച്ചോതുന്ന പ്രകടനമാണ് പ്രോട്ടീസ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്. ലോകകപ്പ് മോഹിച്ചുവരുന്ന ഏല്ലാവരും ശക്തമായ തങ്ങളുടെ മിഡില്‍ ഓര്‍ഡറിനെ കടന്നുപോകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഹെന്റിച്ച് ക്ലാസന്റെ നേതൃത്വത്തിലുള്ള ബാറ്റിങ് നിര കഴിഞ്ഞ ദിവസം നല്‍കിയത്.

ക്യാപ്റ്റന്‍ തെംബ ബാവുമയില്ലാതെയാണ് പ്രോട്ടീസ് കളത്തിലിറങ്ങിയത്. ഏയ്ഡന്‍ മര്‍ക്രമായിരുന്നു പകരം നായകന്റെ റോളിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിന് പതിഞ്ഞ തുടക്കമാണ് ക്വിന്റണ്‍ ഡി കോക്കും റിസ ഹെന്‍ഡ്രിക്‌സും ചേര്‍ന്ന് നല്‍കിയത്. 12.5 ഓവറില്‍ 64 റണ്‍സാണ് ഇരുവരും ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 34 പന്തില്‍ 28 റണ്‍സടിച്ച ഹെന്‍ഡ്രിക്‌സിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്ടമായത്.

ടീം സ്‌കോര്‍ 95ല്‍ നില്‍ക്കവെ 64 പന്തില്‍ 45 റണ്‍സ് നേടിയ ഡി കോക്കും 25.1 ഓവറില്‍ 120ല്‍ നില്‍ക്കവെ 11 പന്തില്‍ എട്ട് റണ്‍സ് നേടിയ ക്യാപ്റ്റന്‍ മര്‍ക്രവും പുറത്തായി. വണ്‍ ഡൗണായി റാസി വാന്‍ ഡെര്‍ ഡുസെനും നാലാമനായി ഹെന്റിച്ച് ക്ലാസനും ക്രീസിലെത്തി.

ഹെന്റിച്ച് ക്ലാസന്‍ ക്രീസിലെത്തിയതോടെ കളിയൊന്നാകെ മാറി. 32 ഓവര്‍ അവസാനിക്കുമ്പോള്‍ പ്രോട്ടീസ് 157 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു. 34.4 ഓവറില്‍ വാന്‍ ഡെര്‍ ഡുസെന്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 194ലെത്തിയിരുന്നു. 65 പന്തില്‍ 62 റണ്‍സുമായാണ് ആര്‍.വി.ഡി പുറത്തായത്.

ക്ലാസന് കൂട്ടായി കില്ലര്‍ മില്ലറുമെത്തിയതോടെ ഓസീസ് കളി മറന്നു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകളും ബൗണ്ടറികളും പറന്നപ്പോള്‍ പ്രോട്ടീസ് സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചു.

83 പന്തില്‍ നിന്നും 13 സിക്‌സറും 13 ബൗണ്ടറിയുമായി 174 റണ്‍സാണ് ക്ലാസന്‍ നേടിയത്. ഏകദിനത്തില്‍ ടി-20 കളിച്ച ക്ലാസന്‍ 209.64 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് റണ്ണടിച്ചുകൂട്ടിയത്. ഒടുവില്‍ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ മാര്‍കസ് സ്റ്റോയ്‌നിസിന്റെ പന്തില്‍ നഥാന്‍ എല്ലിസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

 

ക്ലാസന് കട്ട സപ്പോര്‍ട്ടുമായി മില്ലറും കളം നിറഞ്ഞാടി. 45 പന്തില്‍ നിന്നും അഞ്ച് സിക്‌സറും ആറ് ബൗണ്ടറിയുമായി പുറത്താകാതെ 82 റണ്‍സാണ് മില്ലര്‍ നേടിയത്.

പ്രോട്ടീസ് ഇന്നിങ്‌സിലെ ആദ്യ 192 പന്തില്‍ പിറന്നത് 157 റണ്‍സായിരുന്നെങ്കില്‍ ശേഷിക്കുന്ന 108 പന്തില്‍ പിറന്നത് 259 റണ്‍സാണ്. ആദ്യ 32 ഓവറില്‍ വെറും 81.77 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ആതിഥേയര്‍ സ്‌കോര്‍ ചെയ്തതെങ്കില്‍ അവസാന 18 ഓവറില്‍ പ്രോട്ടീസിന്റെ സ്‌ട്രൈക്ക് റേറ്റ് 239.81 ആയിരുന്നു!

ആതിഥേയര്‍ ഉയര്‍ത്തിയ റണ്‍മല പിന്തുടര്‍ന്നിറങ്ങിയ അലക്‌സ് കാരിയുടെ നേതൃത്വത്തില്‍ ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു. അര്‍ഹതപ്പെട്ട സെഞ്ച്വറിക്ക് ഒരു റണ്‍സകലെ കാരി കാലിടറി വീണപ്പോഴേക്കും ഓസീസിന്റെ വിധി കുറിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഒടുവില്‍ 34.5 ഓവറില്‍ 252 റണ്‍സിന് ഓസീസ് ഓള്‍ ഔട്ടായി.

സൗത്ത് ആഫ്രിക്കക്കായി ലുങ്കി എന്‍ഗിഡി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗീസോ റബാദ മൂന്ന് വിക്കറ്റും വീഴ്ത്തി. ട്രാവിസ് ഹെഡ് റിട്ടയര്‍ഡ് ഔട്ടായ മത്സരത്തില്‍ മാര്‍കോ യാന്‍സെനും കേശവ് മഹാരാജും ഓരോ വിക്കറ്റും നേടി.

ഈ വിജയത്തിന് പിന്നാലെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പ്രോട്ടീസ് 2-2ന് സമനില പിടിച്ചിരിക്കുകയാണ്.

സെപ്റ്റംബര്‍ 17നാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മാച്ച്. വാണ്ടറേഴ്‌സ് സ്റ്റേഡിയമാണ് വേദി.

 

Content highlight: Brilliant batting performance by South Africa’s middle order