തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ സെക്കന്‍ഡ് ക്വാളിഫയറില്‍ നാടകീയ ജയവുമായി ഫൈനലില്‍ പ്രവേശിച്ച നെല്ലായ് റോയല്‍ കിങ്‌സാണ് ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ നടന്ന മത്സരത്തിലാണ് അവസാന ഓവറുകളിലെ വെടിക്കെട്ടില്‍ റോയല്‍ കിങ്‌സ് വിജയത്തിലേക്ക് നടന്നുകയറിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡ്രാഗണ്‍സ് ശിവം സിങ്ങിന്റെയും ഭൂപതി വൈഷ്ണ കുമാറിന്റെയും ഇന്നിങ്സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. ശിവം സിങ് 76 റണ്‍സ് നേടിയപ്പോള്‍ ഭൂപതി 41 റണ്‍സും നേടി പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെല്ലായ് റോയല്‍ കിങ്‌സ് 18 ഓവര്‍ പിന്നിടുമ്പോള്‍ 149 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു. അവസാന രണ്ട് ഓവറില്‍ 37 റണ്‍സായിരുന്നു റോയല്‍ കിങ്‌സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍ മത്സരം കണ്ട സകല ആളുകളെയും അമ്പരപ്പിച്ചുകൊണ്ട് അതുവരെ പതുങ്ങി നിന്ന വിക്കറ്റ് കീപ്പര്‍ റിതിക് ഈശ്വരന്‍ വെടിക്കെട്ടിന് തിരി കൊളുത്തുകയായിരുന്നു. ഒപ്പം ഇന്‍ ഫോം ബാറ്ററായ ഗുരുസ്വാമി അജിതേഷ് കൂടിയായപ്പോള്‍ മത്സരം റോയല്‍ കിങ്‌സിന്റെ വരുതിയിലായി.
ജി. കിഷോര്‍ എറിഞ്ഞ 19ാം ഓവറില്‍ അഞ്ച് സിക്‌സര്‍ ഉള്‍പ്പെടെ 33 റണ്‍സാണ് റിതിക് അടിച്ചെടുത്തെത്.
19ാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സറിന് പറത്തിയ റിതിക് നാലാം പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് അജിതേഷിന് കൈമാറി. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തിയ അജിതേഷ് അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. എന്നാല്‍ ആ പന്ത് നോ ബോളെന്ന് അമ്പയര്‍ വിധിയെഴുതിയതോടെ എക്‌സ്ട്രാ ലഭിച്ച പന്തും അജിതേഷ് സിക്‌സറിന് പറത്തി.
ഇതോടെ അവസാന ഓവറില്‍ വെറും നാല് റണ്‍സായിരുന്നു റോയല്‍ കിങ്‌സിന് വേണ്ടിയിരുന്നത്. സുഭോത് ഭാട്ടിയെറിഞ്ഞ 20ാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിംഗിള്‍ പിറന്നപ്പോള്‍ മൂന്ന്, നാല് പന്തുകളില്‍ രണ്‍സൊന്നും പിറന്നില്ല. അഞ്ചാം പന്തിലും സിംഗിള്‍ നേടിയതോടെ സ്‌കോര്‍ ലെവലായി. ഒടുവില്‍ അവസാന പന്ത് സിക്‌സറിന് തൂക്കിയാണ് റിതിക് ഈശ്വരന്‍ റോയല്‍ കിങ്‌സിനെ ഫൈനലിലെത്തിച്ചത്.
ലൈക കോവൈ കിങ്‌സിനെതിരെയാണ് നെല്ലായ് റോയല്‍ കിങ്‌സ് ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കോവൈ കിങ്‌സ് നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 55ന് രണ്ട് എന്ന നിലയിലാണ്.
CONTENT HIGHLIGHT: Brilliant batting performance by Nellai Royal Kings in TNPL