| Sunday, 6th August 2023, 6:45 pm

രാജസ്ഥാന്‍ റോയല്‍സ് സ്‌പെഷ്യല്‍; പേര് ബട്‌ലര്‍, ടൂര്‍ണമെന്റ് ഹണ്‍ഡ്രഡ്, സ്‌ട്രൈക്ക് റേറ്റ് ടു ഹണ്‍ഡ്രഡ്...

സ്പോര്‍ട്സ് ഡെസ്‌ക്

ദി ഹണ്‍ഡ്രഡില്‍ വെടിക്കെട്ട് പ്രകടനവുമായി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍. കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റര്‍ ഓറിജിനല്‍സ് – ലണ്ടന്‍ സ്പിരിറ്റ് മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരം കൂടിയായ ജോസ് ബട്‌ലര്‍ തീയായത്.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലണ്ടന്‍ സ്പിരിറ്റ് മാഞ്ചസ്റ്ററിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഫില്‍ സോള്‍ട്ടിനൊപ്പം ചേര്‍ന്ന് മാഞ്ചസ്റ്റര്‍ നായകന്‍ കൂടിയായ ബട്‌ലര്‍ ആദ്യ വിക്കറ്റില്‍ മോശമല്ലാത്ത കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. 24 പന്തില്‍ 44 റണ്‍സാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഒമ്പത് പന്തില്‍ നിന്നും 21 റണ്‍സ് നേടിയാണ് സോള്‍ട്ട് മടങ്ങിയത്.

പിന്നാലെയെത്തിയ മാക്‌സ് ഹോള്‍ഡനെ കൂട്ടുപിടിച്ചായി ശേഷം ബട്‌ലറിന്റെ വെടിക്കെട്ട്. ടീം സ്‌കോര്‍ 111ല്‍ നില്‍ക്കവെ ഹോള്‍ഡനും പുറത്തായി. 16 പന്തില്‍ 24 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ടീം സ്‌കോര്‍ 117ല്‍ നില്‍ക്കവെ ബട്‌ലറിന്റെ വിക്കറ്റും മാഞ്ചസ്റ്ററിന് നഷ്ടമായി. രവി ബൊപ്പാരയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. 36 പന്തില്‍ അഞ്ച് സിക്‌സറിന്റെയും മൂന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെ 200 സ്‌ട്രൈക്ക് റേറ്റില്‍ 62 റണ്‍സാണ് ബട്‌ലര്‍ നേടിയത്.

പിന്നാലെയെത്തിയ ആഷ്ടണ്‍ ടര്‍ണര്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മഴയെത്തുകയും മത്സരം തടസ്സപ്പെടുകയുമായിരുന്നു. മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് 80 പന്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സുമായി മികച്ച നിലയില്‍ തുടരവെയാണ് മഴയെത്തിയതും മത്സരം ഉപേക്ഷിക്കേണ്ടി വന്നതും.

മത്സരം ഉപേക്ഷിക്കപ്പെട്ടെങ്കിലും ബട്‌ലറിന്റെ വെടിക്കെട്ട് കാണാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വെല്‍ഷ് ഫയറിനോട് പരാജയപ്പെടുകയും രണ്ടാം മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തതോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഒറിജിനല്‍സ്.

തിങ്കളാഴ്ചയാണ് മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിന്റെ അടുത്ത മത്സരം. ബെര്‍മിങ്ഹാം ഫീനിക്‌സാണ് എതിരാളികള്‍.

Content Highlight: Brilliant Batting performance by Jos Buttler in The Hundred

We use cookies to give you the best possible experience. Learn more