| Saturday, 4th March 2023, 7:04 pm

ഇതുപോലെ അസ്വസ്ഥമാക്കുന്ന ക്ലൈമാക്സ് അടുത്ത കാലത്തുണ്ടാവുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജു ജോര്‍ജ് നായകനായ ഇരട്ട ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. നവാഗതനായ രോഹിത് എം.ജി. സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു ക്രൈം ത്രില്ലറാണ്. ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന മരണത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്. ഒറ്റ ദിവസത്തെ കഥയാണ് പറയുന്നതെങ്കിലും പ്രധാനകഥാപാത്രങ്ങളുടെ കുട്ടിക്കാലം മുതലുള്ള കാര്യങ്ങള്‍ ഫ്ളാഷ് ബാക്കിലൂടെ കാണിച്ചുതരുന്നുണ്ട്. ഒരേ കാര്യം പലരുടെ പേഴ്സ്പെക്ടിവിലൂടെ കാണിച്ച് നോണ്‍ ലീനിയര്‍ കഥ പറച്ചില്‍ രീതിയാണ് സിനിമ സ്വീകരിക്കുന്നത്.

ചിത്രം കണ്ട പ്രേക്ഷകരെ ഏറ്റവുമധികം അസ്വസ്ഥരാക്കുന്നത് അതിന്റെ ക്ലൈമാക്സ് തന്നെയാവും. അടുത്ത കാലത്തൊന്നും പ്രേക്ഷകരെ ഇത്രയും വേട്ടയാടുന്ന ഒരു ക്ലൈമാക്സ് വരാന്‍ സാധ്യതയില്ല. രണ്ട് ആഘാതങ്ങളാണ് ചിത്രത്തിനൊടുവില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. മരണത്തിന്റെ കാരണമറിഞ്ഞ് മരവിച്ച അവസ്ഥയിലിരിക്കുമ്പോള്‍ അതിന്റെ ആഘാതം മറ്റൊരാളെ എങ്ങനെ ബാധിക്കുന്നു എന്നതും പിന്നീട് നമ്മുടെ ചിന്തയിലേക്ക് ഇട്ടുതരും. പിന്നീട് ആ കഥാപാത്രം അനുഭവിക്കാന്‍ പോകുന്ന ഭീകരാവസ്ഥ ആലോചിച്ച് വിഷമിക്കാനേ പ്രേക്ഷകര്‍ക്കാവൂ.

പ്രമോദ്, വിനോദ് എന്നീ ഇരട്ട പൊലീസുകാരെ അവതരിപ്പിച്ച ജോജു തന്നെയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് വിനോദും പ്രമോദും. അതും വളരെ കണ്‍വിന്‍സിങ്ങായി, രണ്ട് പേരുടെയും പെരുമാറ്റവും മാനറിസവുമെല്ലാം ഒരു ചിത്രത്തില്‍ ഒരാള്‍ തന്നെ അവതരിപ്പിക്കുക എന്ന് പറയുന്നത് ശ്രമകരമാണ്. എന്നാല്‍ അതിന്റെ ആയാസങ്ങളൊന്നുമില്ലാതെ രണ്ട് വ്യക്തിളാണ് വിനോദും പ്രമോദും എന്ന തോന്നല്‍ പ്രേക്ഷകരില്‍ ജനിപ്പിക്കാന്‍ ജോജുവിന് കഴിഞ്ഞു.

വിനോദും പ്രമോദും ജോജുവിന്റെ കയ്യില്‍ ഭദ്രമായിരുന്നു. ചില രംഗങ്ങളില്‍ ഡയലോഗിന്റെ സഹായമില്ലാതെ ചെറിയ നോട്ടത്തിലൂടെ പോലും തീവ്രമായ വികാര ഭാവങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ജോജുവിന് കഴിയുന്നുണ്ട്. ജോസഫിലും നായാട്ടിലും പുറത്തെടുത്ത അഭിനയ പ്രതിഭ ഇരട്ടയിലും ആവര്‍ത്തിക്കുന്നതില്‍ ജോജു വിജയിച്ചിട്ടുണ്ട്.

Content Highlight: brilliance in the climax of iratta movie

Latest Stories

We use cookies to give you the best possible experience. Learn more