|

ബ്രിജ്ഭൂഷണ്‍ സിങ്ങിന് തിരിച്ചടി; ലൈംഗികാതിക്രമക്കേസില്‍ കുറ്റം ചുമത്തി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആറ് വനിത ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ കുറ്റം ചുമത്താന്‍ ഉത്തരവിട്ട് കോടതി.

ദല്‍ഹി റൗസ് അവന്യൂകോടതിയാണ് ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ആറ് പരാതികളില്‍ അഞ്ച് എണ്ണത്തിലും ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

ലൈംഗികാതിക്രമക്കുറ്റം ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ പരാതി നല്‍കിയത്. ഇതില്‍ ഒരു പരാതിയില്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

നേരത്തെ ഏപ്രില്‍ 18ന് കേസില്‍ വിധി പറയാനായി കോടതി തയ്യാറായിരുന്നെങ്കിലും ഗുസ്തി ഫെഡറേഷന്‍ ഓഫീസിലെ തന്റെ സാന്നിധ്യത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിധിപ്രഖ്യാപനം നീട്ടിവെക്കുകയായിരുന്നു.

ശേഷം ഏപ്രില്‍ 26ന് ബ്രിജ്ഭൂഷണിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പിന്നാലെയാണ് ഇന്ന്  ബ്രിജ്ഭൂഷണെതിരെ കോടതി കുറ്റം ചുമത്തിയിരിക്കുന്നത്.

ആറ് ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2023 ജൂണ്‍ 15നാണ് ഗുസ്തിഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ദല്‍ഹി പൊലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

സ്ത്രീകളുടെ അന്തസ്‌ ഹനിക്കല്‍, ലൈംഗികാതിക്രമം, പിന്തുടര്‍ന്ന് ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരിക്കുന്നത്.

content highlights: Brijbhushan Singh hits back; The court charged in the sexual assault case