| Wednesday, 7th August 2024, 4:53 pm

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ പ്രതികരിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ പ്രതികരണവുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകനും ബി.ജെ.പി എം.പിയുമായ കരണ്‍ ഭൂഷണ്‍ സിങ്. വിനേഷ് ഫോഗട്ടിന് നേരിടേണ്ടി വന്ന അയോഗ്യത രാജ്യത്തിനേറ്റ നഷ്ടമാണെന്നെന്നായിരുന്നു കരണ്‍ പ്രതികരിച്ചത്.

‘ഇത് രാജ്യത്തിന് നഷ്ടമാണ്. (ഗുസ്തി) ഫെഡറേഷന്‍ ഇത് കണക്കിലെടുക്കുകയും എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുകയും ചെയ്യും, ‘ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് സീറ്റില്‍ നിന്നുള്ള ലോക്സഭാംഗമായ കരണ്‍ സിങ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമായിരുന്നു വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയത്.

വിവാദത്തിന് പിന്നാലെ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അദ്ദേഹത്തിന്റെ മകനായ കരണിനെ മത്സരിപ്പിച്ച് വിജയിപ്പിക്കുകയായിരുന്നു.

ബ്രിജ് ഭൂഷണെ ഡബ്ല്യു.എഫ്.ഐ പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെ 2016 ലെ റിയോ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ സാക്ഷി മാലിക് പ്രതിഷേധ സൂചകമായി വിരമിച്ചിരുന്നു.

ഒളിമ്പിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോഗട്ട്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് താരത്തെ ഇനത്തില്‍ അയോഗ്യയാക്കിയത്. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ അനുവദനീയമായ ഭാരം കൂടിയതായി കണ്ടെത്തിയതാണ് ഫോഗട്ടിന് തിരിച്ചടിയായത്.

ഈ തീരുമാനത്തില്‍ പുനഃപരിശോധന നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ നടപടിക്കെതിരെ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഇനത്തില്‍ അവസാന സ്ഥാനമായിരിക്കും ഫോഗട്ടിന് നല്‍കുക.

കഴിഞ്ഞ ദിവസമാണ് 50 കിലോഗ്രാം ഫ്രിസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് വിജയിച്ചത്. ഉക്രൈനിന്റെ ഒക്‌സാന ലിവാച്ചിനെ 7-5 എന്ന സ്‌കോറിനായിരുന്നു വിനേഷ് പരാജയപ്പെടുത്തിയിരുന്നത്, റൗണ്ട് ഓഫ് 16ല്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരമായ യുയി സുസാസ്‌കിയെ വിനേഷ് പരാജയപ്പെടുത്തിയിരുന്നു.

നാല് തവണ ലോക ചാമ്പ്യനും നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും ആയിരുന്നു സുസാക്കി. പിന്നീട് ഉക്രൈന്‍ താരത്തെയും ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്നിലിസിനെയും വീഴ്ത്തിയാണ് വിനേഷ് ഫൈനലിലേക്ക് മുന്നേറിയത്.

ഇന്ന് രാത്രി നടക്കാനിരുന്ന ഫൈനലില്‍ യു.എസ്.എയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു വിനേഷ് ഏറ്റുമുട്ടാനിരുന്നത്. എന്നാല്‍ കലാശപ്പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്.

മെഡല്‍ നേടിയിരുന്നെങ്കില്‍ വിനേഷ് ഫോഗട്ടിനെ രാജ്യം ആദരിക്കേണ്ടി വന്നേനെയെന്നും അത് ചിലര്‍ക്ക് ഇഷ്ടമാകില്ലെന്നും സംഭവത്തില്‍ ഗൂഢാലോചന നടന്നെന്നും ആരോപിച്ച് കോണ്‍ഗ്രസ് എം.പി ബല്‍വന്ത് വാങ്കഡെ രംഗത്തെത്തിയിരുന്നു.

മുന്‍ ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട് പ്രതിഷേധിച്ചത് ആരും മറന്നിട്ടില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തിരുന്നു.

‘ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായ വാര്‍ത്തയാണ്. ഇതിന് പിന്നില്‍ ചില ഗൂഢാലോചനയുണ്ട്. വിനേഷ് ജന്തര്‍ മന്തറില്‍ സമരം നടത്തിയെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. അവള്‍ക്ക് നീതി ലഭിച്ചില്ല, ഇപ്പോള്‍ അവള്‍ വിജയിച്ചാല്‍ അവരെ രാജ്യം ആദരിക്കേണ്ടി വരുമായിരുന്നു. അത് ഇഷ്ടപ്പെടാത്ത ചിലര്‍ ഇവിടെയുണ്ട്,’ എം.പി പറഞ്ഞു.

Content Highlight: Brij Bhushan Sharan Singh’s son reacts to Vinesh Phogat’s disqualification

We use cookies to give you the best possible experience. Learn more