ന്യൂദല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൺ സിങ്ങിന്റെ മകന് സീറ്റ് നല്‍കിയതിനെ ന്യായീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ലെന്നും അതിനാല്‍ അദ്ദേഹം കുറ്റക്കാരനല്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
‘ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അദ്ദേഹം കുറ്റക്കാരനല്ല. അതിനാല്‍ അദ്ദേഹത്തിന്റെ മകന് ബി.ജെ.പി സീറ്റ് നല്‍കിയതിനെ നിങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കില്ല,’ നിര്‍മല സീതാരമന്‍ പറഞ്ഞു.
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട നിരവധി ആളുകള്‍ക്ക് ഇപ്പോഴും അവരുടെ പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് നല്‍കുന്നുണ്ട്. അത് എല്ലാ പാര്‍ട്ടികളിലും നടക്കുന്നുണ്ട്. എന്നാല്‍ ബ്രിജ് ഭൂഷണെതിരെ ഇതുവരെ ഒന്നും തെളിഞ്ഞിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ ബി.ജെ.പി ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ മകന്‍ ശരണ്‍ സിങ്ങിനാണ് സീറ്റ് നല്‍കിയത്. ഇതിനെതിരെ ഗുസ്തി താരം സാക്ഷിമാലിക് അടക്കം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്തെ പെണ്‍മക്കള്‍ തോറ്റെന്നും ബ്രിജ് ഭൂഷണ്‍ ജയിച്ചെന്നുമാണ് സാക്ഷിമാലിക്ക് ഇതിനോട് പ്രതികരിച്ചത്.
റെസിലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ആയിരുന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണങ്ങളുമായി വനിതാ ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ നടന്ന വ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് എം.പി കൂടെയായിരുന്ന ബ്രിജ് ഭൂഷണെ സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.
പരാതി നല്‍കിയിട്ടും കേന്ദ്രം നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാന്‍ താരങ്ങള്‍ തീരുമാനിച്ചിരുന്നു. ദീര്‍ഘനാള്‍ നീണ്ട സമരങ്ങള്‍ക്ക് ശേഷവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് വളരെ വൈകാരികമായി ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി സാക്ഷിമാലിക്കിന് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.
Content Highlight: Brij Bhushan not convicted, so can’t question ticket to son: FM