|

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കും: ബ്രിജ് ഭൂഷണ്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ചില്‍ നിന്നും മത്സരിക്കുമെന്ന് ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്. അടുത്ത വര്‍ഷം ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ റാലിയില്‍ പങ്കെടുക്കവെയായിരുന്നു ബ്രിജ് ഭൂഷണിന്റെ പരാമര്‍ശം. പാട്ട് പാടിയും നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചുമായിരുന്നു ബ്രിജ് ഭൂഷണ്‍ റാലിയില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ് ഭരണകാലത്താണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ നഷ്ടപ്പെട്ടതെന്നും മോദിയായിരുന്നു അന്ന് അധികാരത്തിലെങ്കില്‍ അവ നഷ്ടപ്പെടില്ലായിരുന്നുവെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

‘ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് ഭരണകാലത്ത് 78,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമികള്‍ പാകിസ്ഥാന്‍ പിടിച്ചടക്കി. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. ഇപ്പോഴും 33,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമി കയ്യടക്കിവെച്ചിരിക്കുന്നു. 1972ല്‍ 92,000 പാകിസ്ഥാന്‍ യുദ്ധതടവുകാരെ ഇന്ത്യ പിടികൂടി. പാകിസ്ഥാന്‍ പിടിച്ചടക്കിയ ഭൂമി തിരികെ വാങ്ങുന്നതിനുള്ള അവസരമായിരുന്നുവത്. ശക്തനായ ഒരു പ്രധാന മന്ത്രി ഉണ്ടായിരുന്നെങ്കില്‍ അത് തിരികെ പിടിക്കുമായിരുന്നു. മോദിയായിരുന്നെങ്കില്‍ തീര്‍ച്ചയായും തിരികെ പിടിക്കുമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

കശ്മീര്‍ തീരുമാനത്തിലും അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കുന്നതിനും റോഡ് നിര്‍മാണത്തിനെയുമെല്ലാം പ്രധാന മന്ത്രിയെ സിങ് പ്രശംസിച്ചു.

നേരത്തെ, ബ്രിജ് ഭൂഷണിന്റെ ജന്‍ ചേത്‌ന മഹാറാലി ജൂണ്‍ 5നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പിന്നീട് മാറ്റിവെക്കുകയായിരുന്നു.

അതേസമയം, ലൈംഗിക പീഡനത്തിന് ഇരയായ ഗുസ്തി താരങ്ങളെ അദ്ദേഹം സ്വാധീനം ഉപയോഗിച്ച് സമര്‍ദ്ദത്തിലാക്കുന്നതായും മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്നതായും താരങ്ങള്‍ ശനിയാഴ്ച പറഞ്ഞു. ജൂണ്‍ 15നകം ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും താരങ്ങള്‍ അറിയിച്ചു.

ദല്‍ഹി പൊലീസ് ജൂണ്‍ 15ന് കുറ്റപ്പത്രം സമര്‍പ്പിക്കുന്ന ഉറപ്പിലായിരുന്നു താരങ്ങള്‍ സമരം താത്കാലികമായി നിര്‍ത്തിവെച്ചത്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ ഉള്‍പ്പെടെയുള്ള താരങ്ങളാണ് ലൈംഗിക പീഡന പരാതിയില്‍ ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നത്.

Content Highlight: brij bhushan announced he would contest the 2024 loksabha election