|

ഒരു ഗോള്‍ എന്തായാലും ഞങ്ങൾ വാങ്ങും; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാണകേടിന്റെ റെക്കോഡുമായി ബ്രൈറ്റണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസ് -ബ്രൈറ്റണ്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

സമനിലക്ക് പിന്നാലെ ഒരു മോശം റെക്കോഡ് ബ്രൈറ്റണിനെ തേടിയെത്തിയിരിക്കുകയാണ്. മത്സരത്തില്‍ ബ്രൈറ്റണ്‍ വഴങ്ങിയ ഒരു ഗോളിന് പിന്നാലെയായിരുന്നു ഈ മോശം റെക്കോഡ് അവര്‍ സ്വന്തമാക്കിയത്.

അവസാനം കളിച്ച 22 മത്സരങ്ങളിലും ഒരു ക്ലീന്‍ ഷീറ്റ് പോലും സ്വന്തമാക്കാന്‍ ബ്രൈറ്റണ് സാധിച്ചിരുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബ്രൈറ്റണ്‍ ഇത്തരത്തില്‍ മോശം പ്രകടനം കാഴ്ചവെക്കുന്നത്. അവസാന 22 മത്സരങ്ങളില്‍ നിന്നും 39 ഗോളുകളാണ് ബ്രൈറ്റണിന്റെ പോസ്റ്റിലേക്ക് എതിരാളികള്‍ അടിച്ചു കയറ്റിയത്.

ക്രിസ്റ്റല്‍ പാലസിന്റെ ഹോം ഗ്രൗണ്ടായ സെല്‍ഹേര്‍സ്റ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. 4-2-3-1 എന്ന ശൈലിയായിരുന്നു ബ്രൈറ്റണ്‍ പിന്തുടര്‍ന്നത്.

മത്സരത്തിലെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ജോര്‍ദാന്‍ അയൂവിലൂടെ ക്രിസ്റ്റല്‍ പാലസാണ് ആദ്യം ലീഡെടുത്തത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ 1-0ത്തിന് ക്രിസ്റ്റല്‍ പാലസ് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി ബ്രൈറ്റണ്‍ മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ 82ാം മിനിട്ടില്‍ ഡാന്നി വെല്‍ബെക്ക് സമനില ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ മുഴങ്ങുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി ഓരോ പോയിന്റ് വീതം പങ്കുവെക്കുകയായിരുന്നു.

സമനിലയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമടക്കം 27 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്രൈറ്റണ്‍. ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 18 പോയിന്റുമായി 15ാം സ്ഥാനത്താണ് ക്രിസ്റ്റല്‍ പാലസ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഡിസംബര്‍ 29ന് ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെയാണ് ബ്രൈറ്റണ്‍ന്റെ അടുത്ത മത്സരം. അതേസമയം ഡിസംബര്‍ 28ന് ക്രിസ്റ്റല്‍ പാലസ് ചെല്‍സിയെ നേരിടും.

Content Highlight: Brighton create a bad record in English Premier League.