പാട്‌ന: തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന ബീഹാറില്‍ വിവാദമായി ഉദ്ഘാടനത്തിന് തൊട്ടുമുന്‍പേ പാലം തകര്‍ന്ന സംഭവം. കിഷന്‍ഗഞ്ച് ജില്ലയിലെ ദിഗല്‍ബംഗ് ബ്ലോക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാലമാണ് തകര്‍ന്നത്. കങ്കയ് പുഴക്ക് മേല്‍ നിര്‍മ്മിച്ചിരുന്ന പാലം ഒഴുക്കില്‍ പൊളിഞ്ഞുപോകുകയായിരുന്നു. ദിഗല്‍ബംഗ് ബ്ലോക്കിലെ 12ഓളം ഗ്രാമങ്ങള്‍ക്ക് ഗതാഗതത്തിനും മറ്റാവശ്യങ്ങള്‍ക്കും ഏറെ സഹായകരമാകും ഈ പാലമെന്നായിരുന്നു കരുതിയിരുന്നത്. വര്‍ഷങ്ങളായി പാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രദേശവാസികള്‍.
നിര്‍മ്മാണം ഏകദേശം മുഴുവനായും പൂര്‍ത്തിയായ പാലം അപ്രതീക്ഷതമായി തകര്‍ന്നടിഞ്ഞതില്‍ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്. പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ടവരില്‍ കുറ്റക്കാരയവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
2019 ജൂണിലായിരുന്നു പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1.42 കോടി രൂപയോളം പാലത്തിനായി ഇതുവരെ ചെലവായതായാണ് കണക്കുകള്‍.
പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തില്‍ സംശയമുന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘നിലവാരം കുറഞ്ഞ വസ്തുക്കളാണ് പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. നാളുകളായുള്ള ഞങ്ങളുടെ സ്വപ്‌നം സമരം എല്ലാം ആ പാലത്തിനൊപ്പം ഒലിച്ചുപോയി.’ അധ്യാപകനായ ജമില്‍ അഖ്തര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
കങ്കയ് പുഴയില്‍ നിരന്തരമുണ്ടാകുന്ന പ്രളയം മൂലം പ്രദേശത്തെ ഗതാഗതസംവിധാനങ്ങളെല്ലാം താറുമാറാകുകയും ജനങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലെത്തുകയും ചെയ്യുമായിരുന്നു. ഇതിനൊരു ശാശ്വതപരിഹാരം എന്ന നിലയിലായിരുന്നു പാലത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ സമരം ആരംഭിച്ചത്.
‘ഈ പാലം 12 ഗ്രാമങ്ങളുടെ രക്ഷകനാകുമായിരുന്നു. കുര്‍ഹെയ്‌ലി ഹട്ടും ബഹാദുര്‍ഗഞ്ച് മാതിയാരി മെയ്ന്‍ റോഡും തമ്മില്‍ എളുപ്പത്തില്‍ യാത്ര നടത്താനാകുമായിരുന്നു. പക്ഷെ എല്ലാം തകര്‍ന്നു. ഞങ്ങള്‍ എക്കാലവും പ്രളയത്തില്‍ തന്നെ കഴിയണമെന്ന് വല്ല ശാപവുമുണ്ടായിരിക്കാം.’ പ്രദേശവാസിയായ ഇമ്രാന്‍ പറഞ്ഞു.
ഗുണനിലവാരമില്ലാത്ത വസ്തുക്കളല്ല പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചതെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് കോണ്‍ട്രാക്ടര്‍ നദീമിന്റെ പ്രതികരണം.
പ്രകൃതി ദുരന്തത്തിന്റെ ഫലമായാണ് പാലം തകര്‍ന്നതെന്നാണ് ബീഹാര്‍ സര്‍ക്കാരിന്റെയും വാദം. ‘പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ച സമയത്ത് കങ്കയ് പുഴയുടെ ഒഴുക്ക് വളരെ കുറഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍ ഈ വര്‍ഷം പുഴ അപ്രതീക്ഷിതമായി ഗതിമാറിയൊഴുകി. അതാണ് ഈ ദുരന്തത്തിന് കാരണമായത്.’ ഗ്രാമവികസന വകുപ്പ് ജൂനിയര്‍ എഞ്ചിനീയര്‍ രാമാനന്ദ് യാദവ് അറിയിച്ചു.
ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ഈ സംഭവം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്നാണ് നിരീക്ഷണങ്ങള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക