പാട്ന: ബീഹാറിനെ വിട്ടൊഴിയാതെ പാലം വിവാദങ്ങള്‍. നിലവില്‍ ബീഹാറിലെ അറാറിയ ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ പാലത്തെച്ചൊല്ലി സംസ്ഥാനത്ത് വിവാദം രൂക്ഷമാകുകയാണ്. മൂന്ന് കോടി ചെലവഴിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ആര്‍ക്കും ഉപയോഗ്യപ്രദമല്ലാത്ത രീതിയില്‍ ജില്ലയിലെ പരമാനന്ദപൂര്‍ ഗ്രാമത്തില്‍ ഒരു വലിയ പാടത്തിന് നടുവിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
പാലത്തിന് സമീപത്തായി ഒരു റോഡുപോലുമില്ലെന്നും മഴക്കാലത്ത് പുഴ പോലെയാണ് പാടത്തിലൂടെ വെളളം ഒഴുകുകയെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാലം നിര്‍മാണം വിവാദമായതോടെ അപ്രോച്ച് റോഡുകളില്ലാതെയുള്ള പാലം നിര്‍മാണത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എക്‌സിക്യൂട്ട് എഞ്ചിനീയറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അറാറിയ ജില്ലാ മജിസ്‌ട്രേറ്റ് ഇനായത് ഖാന്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് ഡിവിഷണല്‍ ഓഫീസറോടും സര്‍ക്കിള്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇനായത് ഖാന്‍ അറിയിച്ചു.
പരമാനന്ദപൂര്‍ ഗ്രാമത്തില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ റോഡും ഒരു പാലവും ഉള്‍പ്പെട്ട നിര്‍മാണ പദ്ധതിക്കായി ബിഹാറിലെ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതി പ്രകാരം പ്ലാന്‍ തയ്യാറാക്കിയിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരം പാലത്തിന്റെ നിര്‍മാണം നടന്നുവെന്നാണ് വിലയിരുത്തല്‍.
മഴക്കാലത്തെ യാത്ര സുഗമമാക്കാന്‍ വേണ്ടിയാണ് പ്രാദേശിക ഭരണകൂടം റോഡും പാലവും നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. പാലം നിര്‍മിക്കാന്‍ വേണ്ട സ്ഥലം ജില്ലാ ഭരണകൂടം ഏറ്റെടുക്കയും ചെയ്തു. എന്നാല്‍ റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് പാലം നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂയോചിപ്പിക്കുന്നു.
പാലം നിര്‍മിച്ചതില്‍ അതീവ സന്തുഷ്ടരാണെന്നും എന്നാല്‍ റോഡില്ലാത്ത പക്ഷം പാലത്തിന്റെ പ്രസക്തിയെന്താണെന്നും നാട്ടുകാര്‍ ചോദിക്കുന്നു. റോഡ് നിര്‍മിക്കുന്നതിനായി ഭൂവുടമ ആദ്യം സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായെങ്കിലും പിന്നീട് അയാള്‍ വാക്ക് മാറ്റിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ബീഹാറില്‍ ഒരു മാസത്തിനിടെ 15 പാലങ്ങള്‍ തകര്‍ന്ന സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഭരണകക്ഷിയായ ജെ.ഡി.യുവും വെട്ടിലായതിന് പിന്നാലെയാണ് പുതിയ വിവാദം.
Content Highlight: Bridge controversies without leaving Bihar