| Thursday, 11th July 2024, 2:18 pm

ഇതിനൊരന്ത്യമില്ലേ, ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു; മൂന്നാഴ്ചക്കിടെ തകരുന്നത് 13ാമത്തെ പാലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാറിലെ പാലം തകർച്ച പരമ്പര തുടരുന്നു. മൂന്ന് ആഴ്ചക്കിടെ തകർന്നത് 13 പാലങ്ങൾ. സഹർഷ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് വീണ്ടും പാലം തകർന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ബീഹാറിൽ വിവിധ ജില്ലകളിലായി പന്ത്രണ്ടിലധികം പാലങ്ങളും കോസ്‌വേകളും തകർന്നതിന്റെ പിന്നാലെയാണ് ഈ അപകടം നടക്കുന്നത്.

പുലർച്ചയാണ് പാലം തകർന്നതെന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

‘തകർന്നത് ചെറിയൊരു പാലമോ കോസ്‌വേയോ ആകാം. ജില്ലാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയതിന് ശേഷം മാത്രമേ നടന്നതെന്താണെന്ന് പറയാനാകൂ,’ സഹർസ കളക്ടർ ജ്യോതി കുമാർ പറഞ്ഞു.

വെള്ളപ്പൊക്കം മൂലമാണ് പാലം തകർന്നതെന്ന് പ്രദേശവാസിയായ പ്രമോദ് കുമാർ സാഹ് പറഞ്ഞു. പാലം നിർമിച്ചത് 2005ൽ ആണെന്നും പാലം അപകടാവസ്ഥയിലായപ്പോൾ അറ്റകുറ്റപണികൾ നടത്താൻ അധികാരികൾ ശ്രമിച്ചില്ലെന്നും സാഹ് പറഞ്ഞു.

സംഭവത്തിൽ ആർക്കും അപകടം ഉണ്ടായതായി റിപ്പോർട്ടുകളില്ല. കഴിഞ്ഞ ദിവസം ബീഹാറിലെ ചമ്പാരനിൽ പാലം തകരുന്ന ദൃശ്യങ്ങൾ ആർ.ജെ.ഡി നേതാവ് തേജ്വസി യാദവ് പങ്കുവെച്ചിരുന്നു. എന്നാൽ തകർന്നത് താത്കാലിക പാലമാണെന്ന വാദവുമായി ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തിയിരുന്നു.

സിവാൻ, സരൺ, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച്, തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് സർക്കാർ അന്വേഷണം നടത്തുകയും 15 എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സർവേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

ബീഹാറിൽ അടുത്തിടെ പൂർത്തിയാക്കിയതും നിർമാണത്തിലിരിക്കുന്നതും പഴയതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് ആവശ്യപ്പെട്ട് ഒരു പൊതുതാത്പര്യ ഹരജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബീഹാറിൽ നിർമാണത്തിലിരിക്കുന്ന മൂന്ന് പ്രധാന പാലങ്ങളും മറ്റ് നിരവധി പാലം തകർച്ചകളും ഉണ്ടായതിനാൽ വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര പരിഗണന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ ബ്രജേഷ് സിംഗ് ആയിരുന്നു പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.

ബീഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകരുന്നതിന്റെ പശ്ചാത്തലത്തില്‍ പാലം സംരക്ഷിക്കുന്നതിന് പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടെത്തിയിരുന്നു. പാലം പരിപാലിക്കുന്നതിന് വേണ്ടി മാത്രം പ്രത്യേക നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബീഹാര്‍.

പുതിയ നയം അനുസരിച്ച് സംസ്ഥാനത്തെ എല്ലാ പാലങ്ങള്‍ക്കും സ്വന്തമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പാലത്തിന്റെ ഘടനയുടെ വിശദാംശങ്ങളും, അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെ വിവരങ്ങളും, നിര്‍മാണ വിവരങ്ങളുമെല്ലാം കാര്‍ഡില്‍ നല്‍കും. ഇതനുസരിച്ച് പാലത്തിലെ ഗതാഗതം നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Content Highlight: Bridge collapse in Bihar’s Saharsa district marks 13th incident in 3 weeks

We use cookies to give you the best possible experience. Learn more