ലഖ്‌നൗ: വിവാഹ ഘോഷയാത്രയിൽ പാട്ട് വെച്ചതിന് ദളിത് വരനെയും വധുവിനെയും ആക്രമിച്ച് ‘സവർണർ’. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. മീററ്റിലെ ഉൾഗ്രാമമായ കാളിന്ദിയിലേക്ക് പ്രവേശിക്കുകയായിരുന്നു വിവാഹ ഘോഷയാത്ര സംഘം സംഗീതം വെച്ചതിന്റെ പേരിൽ പത്തോളം ‘ഉയർന്ന ജാതി’ക്കാരായ പുരുഷന്മാർ ആക്രമണം അഴിച്ച് വിടുകയായിരുന്നു. സംഭവത്തിൽ വരനും വധുവും ഉളപ്പടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
വിവാഹാഘോഷങ്ങളിൽ പാട്ട് വെക്കാനുള്ള അവകാശം ‘ഉയർന്ന ജാതി’ക്കാർക്ക് മാത്രമേ ഉള്ളുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമികൾ വിവാഹ സംഘത്തിൽ രണ്ട് മോതിരങ്ങൾ, ഒരു സ്വർണ്ണ ബ്രേസ്ലെറ്റ്, രണ്ട് ലക്ഷം രൂപ എന്നിവ അപഹരിച്ചതായും പരാതിയുണ്ട്.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ പിടികൂടുന്നതിനായി റെയ്ഡുകൾ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. മുസാഫർനഗറിൽ നിന്നുള്ള വരൻ സഞ്ജീവും (26) 100 പേരടങ്ങുന്ന വിവാഹ സംഘവും കാളിന്ദി ഗ്രാമത്തിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് സർദാന പൊലീസ് പറഞ്ഞു. ഒരു ബസിലും മൂന്ന് കാറുകളിലുമായാണ് ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തത്.
തങ്ങൾ കാളിന്ദി ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ സംഗീതം വെച്ചിട്ടുണ്ടായിരുന്നെന്നും പെട്ടെന്ന്, ‘ഉയർന്ന ജാതിയിൽ’ നിന്നുള്ള പത്തോളം പുരുഷന്മാർ തങ്ങളുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി ലാത്തികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്നും പരാതി നൽകിയ ഗോവിന്ദ് എന്ന യുവാവ് പറഞ്ഞു.
‘ഞങ്ങൾ കാളിന്ദി ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ സംഗീതം വെച്ചിരുന്നു. എന്നാൽ പെട്ടെന്ന്, ഉയർന്ന ജാതിയിൽ നിന്നുള്ള പത്തോളം പുരുഷന്മാർ ഞങ്ങളുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി ലാത്തികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഞങ്ങളെ ആക്രമിച്ചു. വരൻ ഉൾപ്പെടെ പലർക്കും പരിക്കേറ്റു. എന്റെ സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. അവർ സ്ത്രീകളെ പിന്തുടർന്ന് മർദിച്ചു. ഠാക്കൂർ കുടുംബത്തിന് മാത്രമേ വിവാഹത്തിൽ സംഗീതം വായിക്കാൻ കഴിയൂ എന്നും ഒരു ദളിത് വരന്റെയോ വധുവിന്റെയോ വിവാഹത്തിന് സംഗീതം അനുവദിക്കില്ലെന്നും അവർ പറഞ്ഞു,’ ഗോവിന്ദ് പറഞ്ഞു.
സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റുള്ളവരെ അന്വേഷിച്ചുവരികയാണ്. ആക്രമണകാരികൾക്കെതിരെ പട്ടികജാതി, പട്ടികവർഗ (എസ്.സി /എസ്.ടി) നിയമപ്രകാരവും ആക്രമണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് മീററ്റ് പൊലീസ് സൂപ്രണ്ട് രാകേഷ് മിശ്ര പറഞ്ഞു.
Content Highlight: Bridegroom among 3 Dalits injured in ‘attack’ by upper-caste men over playing music during baraat in Meerut; three held