| Saturday, 6th August 2022, 2:12 pm

ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്; മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിക്കുള്ളില്‍ വെച്ച് നടന്ന നിക്കാഹ് ചടങ്ങില്‍ പിതാവിനും വരനുമൊപ്പം വധുവും പങ്കെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വധു. വിഷയത്തില്‍ മഹല്ല് കമ്മിറ്റി മാപ്പ് പറഞ്ഞ് രംഗത്തെത്തിയതിന് പിന്നാലെയാണ് വധുവിന്റെ പ്രതികരണം.

ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹില്‍ പങ്കെടുത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എന്നും ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ തന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നും പ്രതിശ്രുത വധുവായ ബഹിജ ദലീല ചോദിച്ചു.

പള്ളിയില്‍ വെച്ച് നടന്ന നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാന്‍ അനുവദിച്ച മഹല്ല് കമ്മിറ്റി സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഉത്തരവിറക്കിയ മഹല്ല് കമ്മിറ്റിയോടുള്ള ചോദ്യമെന്നോണമായിരുന്നു ദലീലയുടെ പ്രതികരണം. ദേശാഭിമാനിക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു ദലീല.

”നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി.

ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്തമില്ല” ദലീലയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച കുറ്റ്യാടിയിലെ പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയില്‍ നടന്ന നിക്കാഹ് ചടങ്ങായിരുന്നു വാര്‍ത്തയായത്. ഇതോടെ മഹല്ല് സെക്രട്ടറി ഖേദപ്രകടനം നടത്തണമെന്ന് മഹല്ല് കമ്മിറ്റി ഉത്തരവിറക്കുകയായിരുന്നു. സംഭവിച്ചത് വലിയ തെറ്റാണെന്നും ഇത് ആവര്‍ത്തിക്കരുതെന്ന് കമ്മിറ്റി താക്കീത് ചെയ്യുകയും ചെയ്തു. ദലീലയുടെ കുടുംബത്തെ നേരിട്ട് കണ്ട് വിശ്വാസകാര്യങ്ങളില്‍ വീഴ്ചവരുത്തിയ കാര്യം ബോധ്യപ്പെടുത്താനും പള്ളി കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

എം.എസ്.ഡബ്ല്യു ബിരുദധാരിയാണ് ബഹിജ ദലീല. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്നും സ്വന്തം നിക്കാഹില്‍ തനിക്ക് പങ്കെടുക്കണമെന്നും പെണ്‍കുട്ടി നേരത്തെ തന്നെ വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നു.

ജുമാ നമസ്‌കാരത്തിനും മറ്റും സ്ത്രീകള്‍ക്ക് പ്രവേശനമുള്ള പള്ളിയാണ് പാറക്കടവ് ജുമാഅത്ത് പള്ളി.

കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ബഹിജ ദലീല പിതാവ് കെ.എസ്. ഉമ്മറിനൊപ്പമായിരുന്നു നിക്കാഹ് കര്‍മത്തിന് മസ്ജിദിലെത്തിയത്. വീട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയ ദലീലയ്ക്ക് മസ്ജിദില്‍ തന്നെ ഇരിപ്പിടവും ഒരുക്കിയിരുന്നു. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമാണ് ദലീലയുടെ വരന്‍. മസ്ജിദില്‍ നിന്ന് തന്നെയായിരുന്നു ഫഹദില്‍ നിന്നും ദലീല മഹര്‍ ഏറ്റുവാങ്ങിയതും.

നിക്കാഹ് കര്‍മത്തില്‍ പള്ളിക്കുള്ളില്‍വെച്ച് വരനൊപ്പം വധുവിനേയും പങ്കെടുപ്പിച്ചതില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പള്ളിയുടെ മഹല്ല് കമ്മിറ്റി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലയ്ക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ചയാണെന്നുമായിരുന്നു മഹല്ല് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞത്.

മസ്ജിദിലേക്കുള്ള പ്രവേശനാനുമതി ഏതെങ്കിലും പണ്ഡിതനില്‍ നിന്നോ, കമ്മിറ്റിയില്‍ നിന്നോ, കമ്മിറ്റി അംഗങ്ങളില്‍ നിന്നോ ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചിരുന്നില്ലെന്നും ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി സമ്മതിച്ചുവെന്നും അത് കമ്മിറ്റി മുഖവിലക്കെടുന്നുവെന്നും പ്രസ്താവയില്‍ പറഞ്ഞു.

എന്നാല്‍, മുതിര്‍ന്ന പണ്ഡിതരോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നും ഇവരില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് വധുവിന് മസ്ജിദില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതെന്നുമായിരുന്നു മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നത്.

മഹല്ല് കമ്മിറ്റിയുടെ നടപടിക്ക് സോഷ്യല്‍ മീഡിയയിലടക്കം നേരത്തെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സാധാരണ ഗതിയില്‍ നിക്കാഹിന് വരനും പിതാവുമായിരിക്കും മസ്ജിദിലുണ്ടാകുക. ഇസ്‌ലാമിക വിശ്വാസ പ്രകാരം മസ്ജിദില്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതിയില്ല.

Content Highlight: Bride who attended the Nikah ceremony held in Masjid along with groom and her family reacts on the incident

We use cookies to give you the best possible experience. Learn more